ഇന്ധനക്ഷാമം കാരണം മെഗാ പവർ പ്ലാന്റിന്റെ പ്രവർത്തനം നിലച്ചതോടെ ക്യൂബ പൂർണ്ണ ഇരുട്ടിൽ. തുടർച്ചയായി രണ്ടാം ദിവസമാണ് വൈദ്യുതി മുടങ്ങിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആദ്യം വൈദ്യുതി നിലച്ചത്. ഇതിന് പിന്നാലെ പ്രതിസന്ധി മുന്നിൽ കണ്ട് എല്ലാം പരിപാടികളും റദ്ദ് ചെയ്യാൻ അധികൃതർ ആവശ്യപ്പെട്ടു. സ്കൂളുകളും കോളജുകളും അടയ്‌ക്കാനും സർക്കാർ നിർദേശിച്ചു. എന്നാൽ പ്രശ്നംപരിഹരിക്കാൻ ശ്രമിക്കുന്നുവെന്ന് അധികൃതർ അറിയിച്ചതിനുപിന്നാലെ ശനിയാഴ്ച വീണ്ടും വൈദ്യുതിനിലച്ചു.
ഇന്ധനക്ഷാമമാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്നം. ഇന്ധനക്ഷാമം മൂലം ക്യൂബയിലെ ഊർജോത്പാദന മേഖല കടുത്ത പ്രതിസന്ധിയിലാണ്. യുഎസിന്റെ ഉപരോധവും ക്യൂബയ്‌ക്ക് തിരിച്ചടിയായി. ഇന്ധനാവശ്യത്തിനായുള്ള എണ്ണയ്‌ക്കായി ക്യൂബ പ്രധാനമായും ആശ്രയിക്കുന്നത് വെനസ്വേലയാണ്. എന്നാൽ ആഭ്യന്തര ആവശ്യം കഴിഞ്ഞ് ചെറിയ അളവിൽ എണ്ണ മാത്രമാണ് നിലവിൽ വെനിസ്വല നൽകുന്നത്.















