ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിന്റെ ഹൃദയ ഭാഗമായ ടൈംസ് സ്‌ക്വയറിൽ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ത്യൻ സമൂഹം. ഇന്ത്യക്കാരോടൊപ്പം യുഎസ് പൗരന്മാരും ആഘോഷങ്ങളുടെ ഭാഗമായി. ഐതിഹാസികമായ മിഡ്‌ടൗൺ മാൻഹാട്ടൻ പരിസരത്താണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്.
ന്യൂയോർക്ക് മേയർ, മേയർ എറിക് ആഡംസ്, ന്യൂയോർക്ക് സ്റ്റേറ്റ് പ്രതിനിധി ജെന്നിഫർ രാജ്കുമാർ, കൗൺസിൽ ജനറൽ ബിനയ പ്രധാൻ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ടൈംസ് സ്‌ക്വയറിൽ ഇന്ത്യൻ സമൂഹത്തോടൊപ്പം ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞത് അഭിമാന നിമിഷമാണെന്ന് മേയർ ആഡംസ് പറഞ്ഞു. “ദീപങ്ങളുടെ ഉത്സവം ആഘോഷിക്കാൻ ഇതിലും നല്ലൊരു സ്ഥലം വേറെയില്ല. ടൈംസ് സ്‌ക്വയറിലെ ദീപാവലി ആഘോഷത്തിന് ഇന്ന് നമ്മുടെ ഹിന്ദു സഹോദരീ സഹോദരന്മാർക്കൊപ്പം പങ്കെടുക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ഇരുട്ടിനെ അകറ്റി എല്ലാവരെയും പ്രകാശത്തിലേക്ക് സ്വാഗതം ചെയ്യുന്നു,” എറിക് ആഡംസ് എക്‌സിൽ കുറിച്ചു.

പെൻസിൽവാനിയയിലെ അപ്പർ ഡാർബിയിലും ആഘോഷങ്ങൾ നടന്നു. ഖൽസ ഏഷ്യൻ അമേരിക്കൻ അസോസിയേഷൻ സംഘടിപ്പിച്ച ആഘോഷങ്ങളിൽ ഇന്ത്യയുടെ ഡെപ്യൂട്ടി കോൺസൽ ജനറൽ വരുൺ ജെഫ് പങ്കെടുത്തു. അപ്പർ ഡാർബി മേയർ എഡ് ബ്രൗൺ, സ്റ്റേറ്റ് സെനറ്റർ ടിം കെയർനി എന്നിവരും ഒത്തുചേരലിൽ പങ്കുചേർന്നു.

എല്ലാവർഷവും ദീപാവലി ആഘോഷിക്കാൻ യുഎസിലെ ഇന്ത്യൻ സമൂഹം ടൈംസ് സ്‌ക്വയറിൽ ഒത്തുകൂടാറുണ്ട്. കഴിഞ്ഞ വർഷം ദീപാവലിദിനം ന്യൂയോർക്കിലെ സ്കൂളുകൾക്ക് അവധി നൽകിയിരുന്നു. ഏകദേശം 4.4 ദശലക്ഷം ഇന്ത്യൻ വംശജർ യുഎസിൽ താമസിക്കുന്നുണ്ട്. അവരിൽ പകുതിയോളവും കാലിഫോർണിയ, ടെക്സസ്, ന്യൂജേഴ്സി, ന്യൂയോർക്ക് എന്നീ സ്റ്റേറ്റുകളിലാണ്.
















