ബെംഗളൂരു: ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്ര വികസന അതോറിറ്റിയുടെ തലവൻ എന്ന നിലയിലുള്ള മുഖ്യമന്ത്രിയുടെ അധികാരത്തിൽ കർണ്ണാടക ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തി.കോടതിയുടെ അനുമതിയില്ലാതെ, 2024ലെ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്ര വികസന അതോറിറ്റി നിയമത്തിലെ 16, 17 വകുപ്പുകൾ പ്രകാരം സംസ്ഥാന സർക്കാർ ഒരു നടപടിയും തീരുമാനവും എടുക്കരുതെന്ന് കർണാടക ഹൈക്കോടതി നിർദ്ദേശിച്ചു.
ഈ നിയമത്തിലെ വകുപ്പ് 16 പ്രകാരം അതോറിറ്റിയുടെ എക്‌സ് ഒഫീഷ്യോ ചെയർപേഴ്‌സണായ മുഖ്യമന്ത്രിക്ക്, അതോറിറ്റിയുടെ യോഗം നടത്താതെ, ഏതു വിഷയവും അംഗങ്ങൾക്കിടയിൽ പ്രചരിപ്പിച്ച് തീരുമാനങ്ങൾ എടുക്കാൻ അധികാരം നൽകുന്നു. സെക്ഷൻ 17 പ്രകാരം ഒരു മീറ്റിംഗ് നടത്താതെയും അംഗങ്ങൾക്കിടയിൽ വിഷയം പ്രചരിപ്പിക്കാതെയും അടിയന്തര സന്ദർഭങ്ങളിൽ ഉത്തരവുകൾ പാസാക്കാൻ ചെയർപേഴ്‌സണ് അധികാരമുണ്ടാകുന്നു.പിന്നീട് അതോറിറ്റിയുടെ യോഗത്തിന് മുമ്പാകെ അത്തരം ഉത്തരവുകൾക്ക് അംഗീകാരം വാങ്ങിയാൽ മതി. ഹൈക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ ഈ വകുപ്പുകൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.
സംസ്ഥാന സർക്കാർ നടപ്പാക്കിയ നിയമത്തിന്റെ ഭരണഘടനാ സാധുതയെവെല്ലുവിളിച്ചു കൊണ്ട് പരേതനായ ശ്രീകണ്ഠദത്ത നരസിംഹ രാജ വാഡിയാരുടെ ഭാര്യ പ്രമോദ ദേവി വാഡിയാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ഹേമന്ത് ചന്ദൻഗൗഡർ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
രാജകുടുംബവും സംസ്ഥാന സർക്കാരും തമ്മിലുള്ള നിയമ തർക്കം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് നിയമം പ്രഖ്യാപിച്ചതെന്ന് ഹർജിക്കാരൻ വാദിച്ചു. ഈ റിട്ട് ഹർജി തീർപ്പാക്കുന്നതുവരെ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ജംഗമ – സ്ഥാവര സ്വത്തുക്കൾ അന്യാധീന പ്പെടുത്തില്ലെന്നും ക്ഷേത്രത്തിന്റെ നിലവിലുള്ള ആചാരങ്ങളും പാരമ്പര്യങ്ങളും പരിഷ്കരിക്കുകയോ ഇടപെടുകയോ ചെയ്യില്ലെന്നും
സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ദേവദാസ് കോടതിമുമ്പാകെ ബോധിപ്പിച്ചു.
പുതിയ നിയമ പ്രകാരമുള്ള ഏത് തീരുമാനവും കോടതിയുടെ മുൻകൂർ അനുമതിയോടെ മാത്രമേ എടുക്കാവൂ എന്ന് കോടതി വ്യക്തമാക്കി.