അടുത്തിടെ പുറത്തിറക്കിയ ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ അടുത്ത വർഷം രണ്ടാം പകുതിയിൽ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. ഈ ഏറ്റവും പുതിയ തലമുറ എസ്യുവി കഴിഞ്ഞ വർഷം ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. അന്താരാഷ്ട്ര വിപണികളിൽ സാവധാനം അവതരിപ്പിച്ച് വരികയാണ്. പുതിയ ലാൻഡ് ക്രൂയിസർ പ്രാഡോ ചില വിപണികളിൽ ലാൻഡ് ക്രൂയിസർ 250 എന്ന പേരിലും വിൽക്കപ്പെടുന്നു.
വലിപ്പമുള്ള ലാൻഡ് ക്രൂയിസർ 300 ലഭ്യമല്ലാത്ത വടക്കേ അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ വിപണികളിൽ ടൊയോട്ടയുടെ മുൻനിര ഉൽപ്പന്നം കൂടിയാണിത്. ഇന്ത്യയിൽ ലാൻഡ് ക്രൂയിസർ 300 ലഭിക്കുന്നതിനാൽ, ഈ പുതിയ SUV മിക്കവാറും ലാൻഡ് ക്രൂയിസർ പ്രാഡോ എന്ന പേരിൽ തന്നെയായിരിക്കും രാജ്യത്ത് എത്തുക. മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, പ്ലഷ് ലെതർ അപ്ഹോൾസ്റ്ററി, പുതിയ തലമുറ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമുള്ള റാപറൗണ്ട് ഡിജിറ്റൽ ഡിസ്പ്ലേ എന്നിവ വാഹനത്തിന് കമ്പനി നൽകുന്നു.
2.8 ലിറ്റർ ഡീസൽ എഞ്ചിനിലാണ് പുതിയ ലാൻഡ് ക്രൂയിസർ പ്രാഡോ വരുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക്കിൽ ഘടിപ്പിച്ച ഈ എഞ്ചിന് 2025-ഓടെ 48V MHEV മൈൽഡ്-ഹൈബ്രിഡ് പവർട്രെയിൻ ലഭിക്കും. വടക്കേ അമേരിക്ക, മിഡിൽ ഈസ്റ്റ് തുടങ്ങിയ ചില വിപണികളിൽ, എസ്യുവി ഒരു ഹൈബ്രിഡ് പവർട്രെയിനോടുകൂടിയ 2.4-ലിറ്റർ പെട്രോൾ എഞ്ചിനുമായി വരുന്നു. ആഗോളതലത്തിൽ ഒന്നിലധികം ടൊയോട്ട, ലെക്സസ് മോഡലുകൾക്ക് കരുത്ത് പകരുന്നത് ഇതേ എഞ്ചിനാണ്.
LC300 പോലെ തന്നെ പുതിയ ലാൻഡ് ക്രൂയിസർ പ്രാഡോയും ഇന്ത്യയിൽ ഒരു CBU ആയി അവതരിപ്പിക്കും. ലോഞ്ച് അടുക്കുമ്പോൾ ഇന്ത്യയിലേക്ക് എത്തുന്ന എസ്യുവിയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.