നാഗ്പൂർ ; ഇന്ത്യയുടെ സ്‌ഫോടക വസ്തുക്കളുടെ തലസ്ഥാനം എന്നറിയപ്പെടുന്ന നാഗ്പൂരിൽ നിർമ്മിക്കുന്ന വെടിമരുന്നുകൾക്കും , ബോംബുകൾക്കും , ഗ്രനേഡുകൾക്കും ആവശ്യക്കാരേറുന്നു. നാഗ്പൂരിലെ സ്‌ഫോടകവസ്തു നിർമാണ യൂണിറ്റുകൾ തയ്യാറാക്കുന്ന വെടിക്കോപ്പുകൾക്കായി കാത്ത് നിൽക്കുന്നത് ലോകരാജ്യങ്ങൾ തന്നെയാണ്.
ബൾഗേറിയ, സ്‌പെയിൻ, ജർമ്മനി, ദക്ഷിണാഫ്രിക്ക, വിയറ്റ്‌നാം, പോളണ്ട്, ബ്രസീൽ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കാണ് നാഗ്പൂരിൽ നിന്നും പ്രധാനമായും സ്‌ഫോടകവസ്തുക്കൾ കയറ്റി അയയ്‌ക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ 900 കോടിയുടെ ആയുധങ്ങളാണ് നാഗ്പൂർ കമ്പനികൾ കയറ്റി അയച്ചത് . 3000 കോടി രൂപയുടെ ആയുധങ്ങൾക്കുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടെ പുരോഗമിക്കുന്നുണ്ട്.
155 എംഎം കാലിബർ ഷെല്ലുകൾ, 40 എംഎം ഷോൾഡർ റോക്കറ്റുകൾ , ഹവിറ്റ്സർ എന്നിവയ്‌ക്ക് ഉയർന്ന ഡിമാൻഡുണ്ടെന്ന് നാഗ്പൂരിലെ കമ്പനികൾ വ്യക്തമാക്കുന്നു.ലിസ്‌റ്റഡ് കമ്പനികൾ, ഇടത്തരം അനുബന്ധ യൂണിറ്റുകൾ മുതൽ പുതുതായി രൂപീകരിച്ച പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിൽ വരെ ഓർഡറുകളുടെ പെരുമഴയാണ്. സർക്കാർ അനുമതിയോടെയാണ് വിൽപ്പന. ചില രാജ്യങ്ങളിലേക്ക് കയറ്റുമതി നിരോധിച്ചിരിക്കുകയാണെന്നും കമ്പനി അധികൃതർ പറഞ്ഞു. ഇന്ത്യൻ പ്രതിരോധ വ്യവസായം യുദ്ധത്തിൽ നിന്ന് ലാഭമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ആയുധ നിർമ്മാതാക്കൾ പറഞ്ഞു.
ഈ വർഷം മുതലാണ് നാഗ്പൂരിൽ നിന്നുള്ള കയറ്റുമതി പട്ടികയിൽ ബോംബുകളും ഗ്രനേഡുകളും സ്ഥാനം പിടിച്ചത് . ഏപ്രിൽ മുതൽ ജൂൺ വരെ നാഗ്പൂരിൽ നിന്ന് 770 കോടി രൂപയുടെ ബോംബുകൾ കയറ്റുമതി ചെയ്തിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ചന്ദ്രാപൂരിൽ നിന്ന് 458 കോടി രൂപയുടെ ബോംബുകളാണ് അയച്ചത്. ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കയറ്റുമതി മൂല്യം ജില്ലയിൽ 171 കോടി രൂപയാണ്.യന്ത്ര ഇന്ത്യ ലിമിറ്റഡ് (YIL) മൂന്ന് വർഷം മുമ്പ് അംഭജാരിയിൽ സ്ഥാപിച്ച പൊതുമേഖലാ സ്ഥാപനമാണ് ഷെല്ലുകൾ നിർമ്മിക്കുന്നത്. വെടിമരുന്ന് പോലുള്ള ഷെല്ലുകൾക്കും റോക്കറ്റുകൾക്കും പുറമെ, നാഗ്പൂർ കമ്പനികൾ നൽകുന്ന ഉയർന്ന അസംസ്കൃത വസ്തുക്കൾക്കും ആഗോളതലത്തിൽ വലിയ ഡിമാൻഡുണ്ട്















