വ്യത്യസ്ത വിവാഹത്തിന് സാക്ഷ്യം വഹിച്ച് സൗദി അറേബ്യ. മുങ്ങൽ വിദഗ്ധരായ ഹസ്സൻ അബു ഓലയും യാസ്മിൻ ദഫ്താർദാറുമാണ് കടലിനിടിൽ വെച്ച് വിവാഹിതരായത്. ജിദ്ദയ്‌ക്ക് പുറത്തുള്ള ചെങ്കടലിലാണ് ചടങ്ങുകൾ നടന്നത്. സൗദി അറേബ്യയിലെ ആദ്യത്തെ അണ്ടർവാട്ടർ ആഘോഷമായിരുന്നു ഇത്.
നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒരുമിക്കാൻ തീരുമാനിച്ചത്. രണ്ടുപേരും ഡൈവേഴ്‌സ് ആയതിനാൽ വിവാഹം വെള്ളത്തിനടിയിൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ക്യാപ്റ്റൻ ഫൈസൽ ഫ്ലെംബന്റെ നേതൃത്വത്തിലുള്ള പ്രാദേശിക ഡൈവിംഗ് ഗ്രൂപ്പായ സൗദി ഡൈവേഴ്‌സ് ആണ് പരിപാടിക്ക് ചുക്കാൻ പിചിച്ചത്. വിവാഹ അതിഥികളിൽ ഒരു ചെറിയ കൂട്ടം മുങ്ങൽ വിദഗ്ധരും ഉണ്ടായിരുന്നു.
“അൽഹംദുലില്ലാഹ്, വെല്ലുവിളികളൊന്നും ഉണ്ടായിരുന്നില്ല, വിവാഹം സുഗമമായി നടന്നു,” ഹസ്സൻ അബു ഒല പറഞ്ഞു. പവിഴപ്പുറ്റുകളുടെയും ജലജീവികളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങ് അവിസ്മരണീയമാണ്. ജീവിതകാലം മുഴുവൻ ഞങ്ങൾ ഇതിന്റെ ആവേശത്തിലാണ് മുന്നോട്ട് പോകുക. സൗദി രാജകുമാരന് രാജ്യത്തെ കുറിച്ച് ദീർഘവീക്ഷണമുണ്ട്. ഇത്തരം വ്യത്യസ്തമായ ആശയങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിക്കുമെന്നും യുവാവ് പറഞ്ഞു.