യാത്ര പറഞ്ഞു പോകുമ്പോൾ പ്രിയപ്പെട്ടവരെ കെട്ടിപ്പിടിച്ച് ചുംബനം നൽകുന്നത് പതിവാണ്. അത് ഏത് ദേശത്തായാലും. എയർപോർട്ടുകളിലും റെയിൽവേ സ്റ്റേഷനിസും ഇത് സാധാരണ കാഴ്ചയാണ്. എന്നാൽ ആലിംഗനത്തിനും വിട പറയലിനും സമയപരിധി നിശ്ചയിച്ച എയർപോട്ടും ഉണ്ട്. ഇവിടെ പരമാവധി ആലിംഗന സമയം 3 മിനിറ്റ് എന്ന് ബോർഡും വെച്ചിട്ടുണ്ട്. കൂടുതൽ സമയം യാത്ര പറയാൻ ആഗ്രഹിക്കുന്നവർ കാർ പാർക്ക് ഏരിയ ഉപയോഗിക്കണമെന്നും അധികൃതരുടെ നിർദ്ദേശമുണ്ട്. ന്യൂസിലൻഡിലെ ഡുനെഡിൻ എയർപോർട്ടിലാണ് ഇത്തരം നിയന്ത്രണം.
ഡുനെഡിൻ എയർപോർട്ട് സിഇഒ ഡാനിയൽ ഡി ബോണോ റേഡിയോയ്‌ക്ക് നൽകിയ അഭിമുഖത്തിൽ മൂന്ന് മിനിറ്റിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരുന്നു. വിമാനത്താവളങ്ങൾ “വൈകാരിക ഹോട്ട്‌സ്‌പോട്ടുകൾ” ആണ്. 20 സെക്കൻഡ് ആലിംഗനത്തിന് “സ്നേഹ ഹോർമോണായ” ഓക്സിടോസിൻ പുറപ്പെടുവിക്കാൻ കഴിയും. ആളുകൾ കൂടുതൽ നേരം അവിടെ നിന്നാൽ സഹയാത്രികർക്ക് ബുദ്ധിമുട്ടാകും. കൂടുതൽ യാത്രക്കാർക്ക് യാത്ര പറയാൻ സ്ഥലവും സമയവും ലഭിക്കുമെന്നും ഡി ബോണോ കൂട്ടിച്ചേർത്തു.
ഡുനെഡിൻ എയർപോർട്ടിന്റെ പാർക്കിംഗ് സ്ഥലം 15 മിനിറ്റ് സൗജന്യ പാർക്കിംഗ് അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു, വർഷങ്ങളായി ഞങ്ങളുടെ ടീം രസകരമായ ചില കാര്യങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും ഡാനിയൽ പറഞ്ഞു.















