മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചതയായ നടി രമ്യ പാണ്ഡ്യൻ വിവാഹിതയാകുന്നതായി റിപ്പോർട്ട്. അടുത്ത മാസം എട്ടിന് ഋഷികേശിലായിരിക്കും വിവാഹമെന്നും തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യോഗ ട്രെയിനറും ലൈഫ് കോച്ചുമായ ലോവൽ ധവാനാണ് വരനെന്നാണ് ലഭിക്കുന്ന സൂചന.
ഫോട്ടോ ഷൂട്ടിലൂടെയാണ് രമ്യ പാണ്ഡ്യൻ ശ്രദ്ധിക്കപ്പെടുന്നത്. ഇത് വൈറലായതിന് പിന്നാലെയാണ് ബിഗ് സ്ക്രീനിലെത്തുന്നത്. കുക്ക് വിത്ത് കോമാളി എന്ന റിയാലിറ്റി ഷോയിലും താരം പങ്കാളിയായിരുന്നു. രാജു മുരുകന്റെ ജോക്കറിലൂടെയാണ് രമ്യ അഭിനയ അരങ്ങേറ്റം നടത്തുന്നത്.
നവംബർ 15ന് താരങ്ങൾ വിവാഹ റിസപ്ഷൻ ചെന്നൈയിൽ നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ബെംഗളൂരുവിലെ ആർട്ട് ഓഫ് ലിവിംഗിലെ യോഗ മാസ്റ്ററാണ് ലോവൽ.പോയ വർഷമാണ് രമ്യ ട്രെയിനിംഗിന് വേണ്ടി യോഗ സെൻ്ററിൽ ചേർന്നത്. ഇവിടുത്തെ പരിചയമാണ് വിവാഹത്തിലേക്ക് എത്തിയതെന്നാണ് സൂചന. പഞ്ചാബ് സ്വദേശിയായ ലോവൽ ചില ലബോറട്ടറികളും നടത്തുന്നുണ്ട്.















