ബഹുനില കെട്ടിടങ്ങളിലും ഓഫീസുകളിലും മാത്രമല്ല, ഇന്നത്തെ കാലത്ത് വീടുകളിൽ പോലും ലിഫ്റ്റുകളുണ്ട്. മുട്ടിന് വയ്യാത്താവരും സ്റ്റെപ്പ് കയറാൻ പറ്റാത്തവരും എന്തിനേറെ മടിയുള്ളവർ വരെ ലിഫ്റ്റുകളെ ആശ്രയിക്കും. നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി ലിഫ്റ്റുകൾ മാറിക്കഴിഞ്ഞു. ഒട്ടുമിക്ക ലിഫ്റ്റുകളിലും അകത്ത് കണ്ണാടികൾ ഘടിപ്പിച്ചിട്ടുണ്ടാകും. ഇത് എന്തിനാണെന്നറിയാമോ?
സാധാരണയായി ലിഫ്റ്റുകളിലെ കണ്ണാടികൾ കണ്ടാൽ ശരീരസൗന്ദര്യം നോക്കി, പറ്റുമെങ്കിൽ ഒരു മിറർ സെൽഫിയുമെടുത്ത് തിരിച്ചിറങ്ങുന്നതാണ് നമ്മുടെ പതിവ്. എന്നാൽ ഇത് എന്തിനാണെന്നോ, എന്തുകൊണ്ട് സ്ഥാപിച്ചതാണെന്നോ നമ്മൾ ചിന്തിക്കാറില്ല. ലിഫ്റ്റുകളിലെ കണ്ണാടികൾക്ക് പിന്നിലുള്ള രഹസ്യമിതാണ്..
സൈക്കോളജിക്കൽ
ലിഫ്റ്റുകൾ പൊതുവെ ‘കുടുസുമുറി’ ആയതിനാൽ ഇതിൽ കയറുമ്പോൾ പലർക്കും അസ്വസ്ഥതകൾ അനുഭവപ്പെട്ടേക്കാം. ക്ലസ്ട്രോഫോബിയ പോലുള്ള പ്രശ്നങ്ങളെ ലഘൂകരിക്കാൻ ലിഫ്റ്റിനകത്തെ കണ്ണാടി സഹായിക്കുന്നതാണ്. ലിഫ്റ്റിൽ കണ്ണാടിയുണ്ടെങ്കിൽ വ്യാപ്തിയുള്ള സ്ഥലത്ത് നിൽക്കുന്നത് പോലെ തോന്നിക്കും. ലിഫ്റ്റിനുള്ളിൽ ഒറ്റയ്‌ക്കാണെങ്കിൽ ഭയം തോന്നാതിരിക്കാനും ഇത് സഹായിക്കും.
സേഫ്റ്റി
ലിഫ്റ്റിൽ കൂട്ടമായി നിൽക്കുമ്പോൾ, നമ്മുടെ പിറകിലും അരികിലും ആരൊക്കെ നിൽക്കുന്നുണ്ടെന്ന് അറിയാൻ കണ്ണാടികൾ സഹായിക്കും. ഏതെങ്കിലും തരത്തിലുള്ള ചൂഷണങ്ങളോ ആക്രമണങ്ങളോ സംഭവിച്ചാൽ ഇതിനെ പ്രതിരോധിക്കാനും കണ്ണാടി ഗുണം ചെയ്യും.
ശ്രദ്ധതിരിക്കാൻ
ലിഫ്റ്റ് തകരാറിലായാലോ വൈദ്യുതിബന്ധം നഷ്ടപ്പെട്ട് ലിഫ്റ്റ് സ്തംഭിച്ചാലോ അകത്ത് ആളുകൾ കുടുങ്ങിയാൽ ചിലപ്പോൾ മണിക്കൂറുകൾക്ക് ശേഷമായിരിക്കും പുറത്തുവരാൻ കഴിയുക. ഇത്രയും നേരം കാത്തിരിക്കേണ്ടി വരുമ്പോൾ ലിഫ്റ്റിനുള്ളിൽ കണ്ണാടിയുണ്ടാകുന്നത് മാനസികമായി ആശ്വാസം പകരും.















