വർക്കല: ശിവഗിരി മഠത്തിലെ സന്യാസിനി മാതാ ഗുരു ചൈതന്യമയി സമാധിയായി. 84 വയസായിരുന്നു. ചെറുപ്പം മുതൽ ശ്രീനാരായണഗുരുവിന്റെ അടിയുറച്ച ഭക്തയായിരുന്നു. ഗുരുദേവ ദർശനങ്ങളും കൃതികളും ആഴത്തിൽ പഠിച്ചു ജീവിതത്തിൽ പ്രയോഗികമാക്കുകയും കേരളത്തിലുടനീളം ഗുരുദേവ പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.
ചിറ്റാർ ഗവൺമെന്റ് ഹൈസ്കൂളിൽ 32 വർഷം സംഗീത അദ്ധ്യാപികയായിരുന്നു. വിരമിച്ചശേഷം ശിവഗിരിയിലെത്തി പ്രകാശാനന്ദ സ്വാമിയിൽ നിന്നും സന്ന്യാസദീക്ഷ സ്വീകരിച്ചശേഷം പത്തനംതിട്ട റാന്നി പുതുശ്ശേരിമലയിലെ സ്വന്തം വസതി ആശ്രമമാക്കി ആത്മീയ പ്രവർത്തനങ്ങളിലും പ്രഭാഷണങ്ങളിലും മുഴുകിവരികയായിരുന്നു.
എട്ട് മാസമായി പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ അലട്ടിയപ്പോഴാണ് ഗാന്ധിഭവനിലെത്തിയത്. പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച രാവിലെ 10.30 ന് ഗാന്ധിഭവനിൽ പൊതുദർശനത്തിന് വയ്ക്കും.