ആലുവയിൽ വൻ പെൺവാണിഭ സംഘം പിടിയിൽ. ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്മാരും അടക്കം 12 പേരാണ് പിടിയിലായത്. രണ്ട് പേർ നടത്തിപ്പുകാരാണ്. ആലുവ ദേശീയപാത ബൈപ്പാസിന് സമീപത്തെ ഹോട്ടലിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. മൂന്ന് റൂമുകളിൽ നിന്നായി ഏഴ് സ്ത്രീകളെയും മൂന്ന് ഇടപാടുകാരെയും പിടികൂടുകയായിരുന്നു.
ഇവിടെ പെൺവാണിഭം നടക്കുന്നതായി നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ഏതാനും നാളുകളായി ഹോട്ടലും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഹോട്ടൽ മുറിയുടെ മുൻപിൽ പൊലീസ് എത്തിയിട്ടും വാതിൽ തുറക്കാൻ സംഘം തയ്യാറായിരുന്നില്ല. തുടർന്ന് മുറിയുടെ കതക് തകർത്താണ് പൊലീസ് അകത്ത് കടന്നത്. നിരവധി മൊബെൽ ഫോണുകൾ, മദ്യം, ചെറിയ അളവിൽ ലഹരിമരുന്ന് എന്നിവയും പെൺവാണിഭ സംഘത്തിൽ നിന്ന് പിടികൂടി.















