ന്യൂഡൽഹി: അയോദ്ധ്യ തർക്കമന്ദിരക്കേസ് വിധി പ്രസ്താവിക്കുന്ന സമയത്തെ അനുഭവങ്ങൾ പങ്കുവച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. വിശ്വാസമർപ്പിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചാണ് അദ്ദേഹം വിശദീകരിച്ചത്. ദീർഘനാളായി നിലനിൽക്കുന്ന ഒരു പ്രശ്നത്തിന് പരിഹാരം കാണാൻ മാർഗം കാണിച്ചുനൽകണമെന്ന് ദൈവത്തോട് താൻ പ്രാർത്ഥിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. പൂനെയിലെ ഖേദ് താലൂക്കിലെ കൻഹേഴ്സർ ഗ്രാമവാസികൾ ഒരുങ്ങിയ ചടങ്ങിൽ സംബന്ധിച്ചപ്പോഴായിരുന്നു അദ്ദേഹം തന്റെ അനുഭവങ്ങൾ പങ്കുവച്ചത്.
“പരിഹാരത്തിലേക്ക് എത്താൻ പ്രയാസമുള്ള കേസുകൾ ചിലപ്പോൾ ഉണ്ടാകാറുണ്ട്. അതുപോലെ ഒന്നായിരുന്നു അയോദ്ധ്യയിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് തർക്കം. എന്റെ മുൻപിൽ മൂന്ന് മാസം ആ കേസുണ്ടായിരുന്നു. ദൈവത്തോട് ഞാൻ പ്രാർത്ഥിച്ചു. ഇതിനൊരു പരിഹാരം അങ്ങ് കാണണമെന്ന് അഭ്യർത്ഥിച്ചു. ഒരു കാര്യം ഉറപ്പാണ്. നമുക്ക് വിശ്വാസമുണ്ടെങ്കിൽ ദൈവം എപ്പോഴും നമുക്ക് വഴികാട്ടിയാകും.” – ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.
2019 നവംബർ ഒമ്പതിനായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് അയോദ്ധ്യാ കേസിൽ സുപ്രധാന വിധി പ്രസ്താവിച്ചത്. തർക്കമന്ദിര സ്ഥാനത്ത് രാമക്ഷേത്രം നിർമിക്കാനുള്ള അനുമതി നൽകുകയും മസ്ജിദ് പണിയുന്നതിനായി അഞ്ച് ഏക്കർ ഭൂമി കൈമാറണമെന്ന് ഉത്തരവിടുകയും ചെയ്തു. അഞ്ചംഗ ബെഞ്ചിൽ ഡിവൈ ചന്ദ്രചൂഡും ഉണ്ടായിരുന്നു. 2024 ജനുവരി 22ന് രാമജന്മഭൂമിയിൽ രാംലല്ലയുടെ പ്രാണപ്രതിഷ്ഠ നടന്ന ശേഷം കഴിഞ്ഞ ജൂലൈയിൽ ഡി.വൈ ചന്ദ്രചൂഡ് ക്ഷേത്രദർശനം നടത്തി.