ലഖ്നൗ : പ്രയാഗ്‌രാജ് മഹാകുംഭമേളയ്‌ക്ക് സൗജന്യ റേഷൻ നൽകാനുള്ള ഒരുക്കങ്ങളുമായി യുപി സർക്കാർ. ഇതിനായി പുതിയ റേഷൻ കാർഡുകൾ ഉണ്ടാക്കും. യോഗി സർക്കാരിന്റെ തീരുമാനപ്രകാരം മേള പ്രദേശത്ത് ഭക്തർക്കായി റേഷൻ സ്റ്റോറുകൾ സ്ഥാപിക്കുന്നതിനൊപ്പം സൗജന്യ റേഷൻ സൗകര്യവും ലഭ്യമാകും.
മഹാകുംഭമേള പ്രദേശത്ത് താമസിക്കുന്ന കൽപ്പവാസികൾക്കും ഭക്തർക്കും സൗജന്യ റേഷൻ നൽകുന്നതിനായിട്ടാണ് പുതിയ റേഷൻ കാർഡുകൾ ഉണ്ടാക്കുന്നത് . ഈ റേഷൻ കാർഡുകൾ വഴി എല്ലാ ഭക്തർക്കും സൗജന്യ റേഷൻ സൗകര്യം ലഭിക്കും. ഇതോടൊപ്പം നിലവിൽ റേഷൻ കാർഡ് കൈവശം വച്ചിരിക്കുന്നവർക്കും കാർഡ് കാണിച്ചാൽ സർക്കാർ റേഷൻ നൽകും.
സർക്കാരിന്റെ ഈ തീരുമാനം നടപ്പിലാക്കാൻ 43 കോടി രൂപ ചെലവ് വരും . ഇതിനായി പ്രദേശത്ത് 160 ന്യായവില റേഷൻ കടകൾ സ്ഥാപിക്കും. മേളയോടനുബന്ധിച്ച് എല്ലാ കാർഡുടമകൾക്കും രണ്ടുതവണ റേഷൻ നൽകുമെന്ന് ഭക്ഷ്യ-ലോജിസ്റ്റിക് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പദ്ധതി സുഗമമായി പൂർത്തിയാക്കുന്നതിന് 5 വെയർഹൗസുകളും സ്ഥാപിക്കും.
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ അടുത്ത വർഷം നടക്കുന്ന മഹാ കുംഭമേള 2025 ജനുവരി 13-ന് പൗഷ മാസത്തിലെ പൗർണ്ണമി ദിനത്തിൽ ആരംഭിക്കും.