ബംഗളൂരു: വായ്പയുടെ പലിശ അടയ്ക്കാത്തതിന് 17 വയസ്സുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലിശക്കാരൻ ബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. ബെംഗളൂരു നെലമംഗലയിലാണ് ഈ ദാരുണ സംഭവം എന്ന് കന്നഡ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
ബാംഗ്ലൂർ ഉത്തർ താലൂക്കിലെ മദനായകഹള്ളി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത സംഭവം നടന്നിരിക്കുന്നത്. ഇരയുടെ പരാതിയിൽ മദനായകനഹള്ളി പോലീസ് സ്റ്റേഷനിൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയായ രവികുമാറിനെ (39) അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇരയായ പെൺകുട്ടിയുടെ പിതാവ് രവികുമാറിന്റെ പക്കൽ നിന്ന് 70,000 രൂപ കടമായി വാങ്ങിയിരുന്നു. എന്നാൽ യഥാസമയം തിരിച്ചടക്കാനായില്ല. ഇതുമൂലം പലിശയും മുതലും ലഭിക്കുന്നതിനായി രവികുമാർ പലപ്പോഴും ഇരയുടെ വീട്ടിലെത്തി പിതാവുമായി വഴക്കിട്ടു. പിന്നീട് 30,000 രൂപ നൽകി എങ്കിലും ബാക്കി 40,000 രൂപയും പലിശയും നൽകാത്തതിന്റെ പേരിൽ രവികുമാർ അതിക്രമം കാണിക്കുകയായിരുന്നു.
ഇതിനിടയിൽ ഇയാൾ പലപ്പോഴും വീട്ടിലെത്തി പലിശപ്പണം ആവശ്യപ്പെട്ട് പെൺകുട്ടിയെയും പിതാവിനെയും ഭീഷണിപ്പെടുത്തിയിരുന്നു. നേരത്തെ പ്രതി രവികുമാർ ഇരയെ ബലമായി ചുംബിച്ചിരുന്നു. ചുംബനത്തിന്റെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഒടുവിൽ ആരുമില്ലാത്ത സമയത്ത് വീട്ടിൽ കയറി ഇരയെ ബലാത്സംഗം ചെയ്തു എന്നാണ് കേസ്. സംഭവത്തിൽ കേസെടുത്ത മദനായകഹള്ളി വില്ലേജ് പോലീസ് രവികുമാറിനെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു.