കണ്ണൂർ: എഡിമം ആയിരുന്ന നവീൻ ബാബു മരിച്ച് ഒരാഴ്ച പിന്നിടുമ്പോഴും ആത്മഹ്യതാ പ്രേരണ കുറ്റത്തിൽ പി പി ദിവ്യയെ ചോദ്യം ചെയ്യാതെ പൊലീസ്. ദിവ്യ ഇരണാവിലെ വീട്ടിലില്ലെന്നാണ് പൊലീസ് പറയുന്നത്. ദിവ്യയെ കണ്ടെത്തുന്നതിന് പകരം മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം വരട്ടെയെന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്.
റവന്യൂ വകുപ്പും ദിവ്യയെ ചോദ്യം ചെയ്തിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. ദിവ്യ, സാവകാശം ചോദിച്ചിരുന്നുവെന്ന് കളക്ടർ ഉൾപ്പെടെയുള്ളവരുടെ മൊഴി എടുത്ത എ ഗീത പറഞ്ഞു. അതേസമയം ദിവ്യയുടെ മുൻകൂർ ജാമ്യഹർജി ഇന്ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും.
കണ്ണൂർ കളക്ടറുടെ ക്ഷണപ്രകാരമാണ് താൻ പരിപാടിയിലെത്തിയതെന്നാണ് ഹർജിയിൽ ദിവ്യ പറയുന്നത്. തനിക്ക് പ്രായമായ മാതാപിതാക്കളുണ്ടെന്നും മക്കൾ ഉണ്ടെന്നും ദിവ്യ ഹർജിയിൽ പറയുന്നുണ്ട്. നല്ല ഉദ്ദേശ്യത്തോടെയാണ് താൻ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തതെന്നും ഹർജിയിൽ ദിവ്യ പറയുന്നു.















