തൃശൂർ: അറ്റകുറ്റപ്പണി നടത്താത്ത സ്വകാര്യ ബസിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകാത്തതിനെ തുടർന്ന് ഭീഷണി നേരിടുന്നതായി AMVI. ഇരിങ്ങാലക്കുട സബ് ആർ. ടി ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ.ടി ശ്രീകാന്തിനെയാണ് ഗുണ്ടാ സംഘം ഭീഷണിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് ശ്രീകാന്ത് പരാതിയും നൽകിയിട്ടുണ്ട്.
മതിയായ അറ്റകുറ്റപ്പണികൾ നടത്താത്തതിനെ തുടർന്നാണ് ബസിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകാതിരുന്നത്. എന്നാൽ ഫിറ്റ്‌നസ് ടെസ്റ്റ് നടക്കുന്ന മൈതാനത്ത് സംഘം ചേർന്നെത്തി ഭീഷണിപ്പെടുത്തിയതായി ശ്രീകാന്ത് പറഞ്ഞു. ഇതിനുപുറമെ അജ്ഞാത നമ്പറുകളിൽ നിന്നും ഭീഷണി സന്ദേശമെത്തി. പിന്നാലെ വീടിന്റെ ഗേറ്റിന് മുന്നിൽ നിന്ന് അക്രമികൾ കൊലവിളി നടത്തിയെന്നും ശ്രീകാന്ത് പറഞ്ഞു.
മണ്ണുത്തി സ്വദേശികളായ ജെൻസൻ, പുത്തൂർ സ്വദേശി ബിജു, ഇവരുടെ കൂട്ടാളികൾ എന്നിവർക്കെതിരെയാണ് പരാതി. ബിജു പരിശോധനാ ഗ്രൗണ്ടിൽ വച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ജെൻസൻ ഓഫീസിൽ എത്തിയും പുറത്തുവച്ചും സ്വാധീനിക്കാൻ ശ്രമിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. അക്രമികൾ ഭീഷണി മുഴക്കുന്ന സമയത്ത് വീട്ടിൽ ഗർഭിണിയായ ഭാര്യയും, പ്രായമായ അമ്മയും, സഹോദരിയും രണ്ട് മക്കളുമായിരുന്നു ഉണ്ടായിരുന്നതെന്നും ശ്രീകാന്ത് പറയുന്നു.
ജോലിക്ക് പോകാൻ സാധിക്കുന്നില്ല. കനത്ത മാനസിക സമ്മർദ്ദമാണ് നേരിടുന്നത്. മറ്റൊരു നവീനാകാൻ വയ്യ, അതുകൊണ്ടാണ് പരാതിപ്പെടാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.















