കണ്ണൂർ: യാത്രയയയപ്പ് സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അവഹേളിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയ എഡിഎമ്മിന്റെ ട്രാൻസ്ഫർ തടഞ്ഞുവെച്ചുവെന്ന ആരോപണത്തിൽ പ്രതികരിക്കാതെ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. അന്വേഷണ സംഘത്തിന് മൊഴി നൽകുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
എഡിഎം നവീൻ ബാബുവിന്റെ സ്ഥലംമാറ്റത്തിന് നാലാം തീയതി തന്നെ ഉത്തരവായിട്ടും റിലീവ് ചെയ്യാതെ വൈകിപ്പിച്ചുവെന്ന് കുടുംബം ഉൾപ്പെടെ ആരോപിച്ചിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ നോ കമന്റ്‌സ് എന്നായിരുന്നു മറുപടി. എഡിഎമ്മിനെക്കുറിച്ച് പിപി ദിവ്യ നേരത്തെ പരാതി പറഞ്ഞിട്ടുണ്ടോയെന്ന ചോദ്യത്തിനും നോ കമന്റ്‌സ് എന്നായിരുന്നു പ്രതികരണം. അതെല്ലാം അന്വേഷണത്തിന്റെ ഭാഗമായി സത്യം സത്യമായി വരട്ടെ. തന്റെ ഭാഗം വിശദീകരിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ സർക്കാർ തന്നെ അത് പുറത്തുവിടുമെന്നും അരുൺ കെ വിജയൻ പറഞ്ഞു.
റവന്യൂ ഡിപ്പാർട്ട്‌മെന്റിന്റെ അന്വേഷണത്തിൽ കാര്യങ്ങൾ പറഞ്ഞിരുന്നു. ഇപ്പോൾ സാക്ഷിയെന്ന നിലയിൽ പൊലീസിന്റെ മൊഴിയെടുപ്പിലും ഇക്കാര്യങ്ങൾ തന്നെയാകും പറയുകയെന്ന് കളക്ടർ പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ടതിനെക്കുറിച്ച് ചോദിച്ചപ്പോൾ സ്വകാര്യ സംഭാഷണമാണെന്നും വെളിപ്പെടുത്താൻ താൽപര്യമില്ലെന്നുമായിരുന്നു മറുപടി.
സാധാരണ മുഖ്യമന്ത്രി വരുമ്പോൾ ജില്ലയുടെ കാര്യങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ പോകാറുണ്ട്. അതിന്റെ ഭാഗമായിട്ട് പോയതാണ്. ഇക്കാര്യങ്ങളും ചർച്ച ചെയ്തതായും കളക്ടർ പറഞ്ഞു. താൻ പറയാനുളളതെല്ലാം സത്യമായി പറഞ്ഞിട്ടുണ്ട്. സത്യം പുറത്തുവരുമെന്നും അരുൺ കെ വിജയൻ പറഞ്ഞു. എഡിഎമ്മിന്റെ മരണത്തിൽ ആദ്യം പിപി ദിവ്യയ്‌ക്കെതിരെ ആയിരുന്നു ആരോപണം ഉയർന്നതെങ്കിൽ പിന്നീട് കളക്ടർക്കും സംഭവത്തിൽ വീഴ്ചയുണ്ടെന്ന ആരോപണം ശക്തമാകുകയായിരുന്നു.
നവീൻ ബാബുവിനെ ജോലിയിൽ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും അവധിപോലും നൽകില്ലായിരുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു.