തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് ആരോപിച്ച ടി.വി പ്രശാന്തനെ ജോലിയിൽ നിന്ന് പുറത്താക്കും. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കരാർ ജീവനക്കാരനായ പ്രശാന്തനെതിരെ നടപടി വേണമെന്ന് ആവശ്യം ഉയർന്നിരുന്നു. വിമർശനം കടുത്ത സാഹചര്യത്തിൽ പ്രശാന്തനെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
പരിയാരം മെഡിക്കൽ കോളേജിലെ ജീവനക്കാരനാണ് പ്രശാന്തൻ. ഇലക്ട്രിക് വകുപ്പിലാണ് ജോലി. താത്കാലിക ജീവനക്കാരനായ പ്രശാന്തനെ സ്ഥിരപ്പെടുത്താൻ നീക്കം നടത്തുന്നതിനിടെയാണ് വിവാദങ്ങളുണ്ടായത്. പെട്രോൾ പമ്പ് ലൈസൻസിന് അപേക്ഷിച്ച ഇയാൾക്കെതിരെ എൻജിഒ അസോസിയേഷൻ പരാതി നൽകിയിരുന്നു. ഇതിന്മേലാണ് ആരോഗ്യമന്ത്രി നടപടിയെടുത്തത്.
പെട്രോൾ പമ്പ് തുടങ്ങാൻ ആവശ്യമായ കോടികളുടെ തുക പ്രശാന്തന് എങ്ങനെ, എവിടെ നിന്ന് ലഭിച്ചുവെന്നതും സർവീസ് ചട്ടം ലംഘിച്ചോ എന്ന കാര്യവും അന്വേഷിക്കും. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇതിനായി കണ്ണൂരിലെത്തുമെന്ന് വീണാ ജോർജ് അറിയിച്ചു. പ്രശാന്തനെ ജോലിയിൽ നിന്ന് പുറത്താക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നതെന്നും ഇതിന് വേണ്ട നിയമോപദേശം തേടിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.















