ഇര പിടിയൻ പക്ഷികളിൽ പരുന്തിനോളം കേമന്മാർ ആരുമില്ല. ഈ പരുന്തുകളിൽ തന്നെ കരുത്തും കഴിവും കൊണ്ടും മുൻനിരയിൽ സ്ഥാനം പിടിക്കുന്ന ഒരു വേട്ടക്കാരനാണ് ഫിലിപ്പീൻ പരുന്ത്. ലോകത്തിലെ ഏറ്റവും വലുതും ശക്തിയേറിയതുമായ പരുന്തുകളിൽ ഒന്ന്. Pithecophaga jefferyi എന്ന് ശാസ്ത്രീയനാമമുള്ള ഫിലിപ്പീൻ പരുന്തിന് കുരങ്ങുതീനിപ്പരുന്ത് എന്നും വിളിപ്പേരുണ്ട്. അതുതന്നെ സൂചിപ്പിക്കുന്നത് ഈ പരുന്തിന്റെ കരുത്താണ്. തന്നെക്കാൾ വലിപ്പമുള്ള കുരങ്ങുകളെ വേട്ടയാടി പിടിച്ച് അതിനേ കാലുകളിൽ കോർത്ത് പറന്നുയരാൻ കഴിയുമെങ്കിൽ ഫിലിപ്പീൻ പരുന്തിന്റെ ശക്തി എത്രമാത്രമായിരിക്കും.
Accipitridae കുടുംബത്തിൽ പെടുന്ന ഈ പക്ഷിക്ക് പക്ഷിരാജാവ് എന്നർത്ഥം വരുന്ന Haribon, Haring Ibon എന്നീ പേരുകളുമുണ്ട്. ബനോഗ് എന്നാണ് ഇതിന്റെ തദ്ദേശനാമം. ഫിലിപ്പീൻസിലെ വനങ്ങളിൽ മാത്രം കാണപ്പെടുന്ന ഈ പരുന്തിന് തവിട്ട്, വെള്ള നിറങ്ങളിലുള്ള തൂവലുകളാണ്. സാധാരണയായി 86 മുതൽ 102 സെൻ്റീമീറ്റർ (2.82 മുതൽ 3.35 അടി വരെ) നീളവും 4.04 മുതൽ 8.0 കിലോഗ്രാം വരെ (8.9 മുതൽ 17.6 പൗണ്ട് വരെ) ഭാരവും ഫിലിപ്പീൻ പരുന്തുകൾക്കുണ്ട്.
നീളവും ചിറകിന്റെ ഉപരിതലവും കണക്കിലെടുത്ത് ലോകത്തിൽ നിലവിലുള്ള പരുന്തുകളിൽ ഏറ്റവും വലുതായി ഫിലിപ്പൈൻ പരുന്തിനെ കണക്കാക്കുന്നു. സ്റ്റെല്ലേഴ്‌സ് കടൽ പരുന്തും ഹാർപ്പി പരുന്തും മാത്രമേ ഭാരത്തിൽ ഇവയെക്കാൾ വലുതായിട്ടുള്ളൂ. ഫിലിപ്പീൻസിന്റെ ദേശീയ പക്ഷിയായി കൂടിയാണ് ഈ പരുന്ത്. ഫിലിപ്പൈൻ പരുന്തിന്റെ കഴുത്ത് നീളമുള്ള, തവിട്ടുനിറത്തിലുള്ള തൂവലുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഇരുണ്ട മുഖവും ക്രീം-തവിട്ട് നിറത്തിൽ തൂവൽ കൊണ്ടുള്ള കിരീടം.
ഫിലിപ്പൈൻ പരുന്തിന്റെ പിൻഭാഗം ഇരുണ്ട തവിട്ടുനിറമാണ്. താഴേക്ക് വെളുത്ത തൂവലുകൾ. ശക്തമായ കാലുകൾക്ക് മഞ്ഞനിറമാണ്. അതിൽ കൂർത്ത നഖങ്ങൾ. നീണ്ടു വളഞ്ഞ കൊക്ക്. കണ്ണുകൾക്ക് നീല- ചാര നിറം. കാണുമ്പോൾ തന്നെ രാജകീയ രൂപം. ഈ പരുന്തിനെ ഡിപ്റ്റെറോകാർപ്പിലും മധ്യ പർവത വനങ്ങളിലും കാണുന്നു. 5,900 അടി ഉയരമുള്ള പർവ്വതങ്ങളിൽ ഇവ കൂടുകൂട്ടും. ഒരു പരുന്തിന്റെ ആയുർദൈർഘ്യം 30 മുതൽ 60 വർഷം വരെയാണ്.
പ്രധാനമായും ഇവ കുരങ്ങുകളെയാണ് ഭക്ഷിക്കുക. അണ്ണാൻ, പാമ്പുകൾ, കുറുക്കൻ, എലി എന്നിവയെയും ഇവ വേട്ടയാടും. ഇരകളിൽ ഭൂരിഭാഗവും കാട്ടുമൃഗങ്ങളാണെങ്കിലും, അവ വളർത്തു കോഴികൾ, പൂച്ചകൾ, പന്നികൾ, ചെറിയ നായ്‌ക്കൾ എന്നിവയെയും റാഞ്ചിയെടുത്ത് പറക്കാൻ ഫിലിപ്പൈൻ പരുന്ത് മടിക്കാറില്ല.