ശ്രീനഗർ: 7 പേരുടെ മരണത്തിനിടയാക്കിയ ഗന്ദർബാൽ ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി ജമ്മു കശ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ. ഭീകരാക്രമണത്തെ അപലപിച്ച ഗവർണർ മേഖലയിലെ സമാധാനം തകർക്കാൻ പാകിസ്താൻ നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കുകയാണെന്നും ഇതിന് അനുവദിക്കില്ലെന്നും പറഞ്ഞു. ഇരകളുടെ കുടുംബത്തിന് നീതി ലഭിക്കാൻ പൊലീസ് എത്രയും വേഗത്തിൽ ആക്രമണത്തിനുപിന്നിലുള്ളവരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗന്ദർബാൽ ജില്ലയിൽ ശ്രീനഗർ-ലേ ദേശീയ പാതയിൽ തുരങ്ക നിർമ്മാണം നടക്കുന്ന സ്ഥലത്തിന് സമീപമുണ്ടായ വെടിവയ്പ്പിൽ ഒരു ഡോക്ടറും ആറ് തൊഴിലാളികളും ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് ഭീകരസംഘടനയായ ലഷ്‌കർ ഇ തൊയ്‌ബയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ദ റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തിട്ടുണ്ട്.
പൊലീസ് രക്തസാക്ഷിത്വ ദിന ചടങ്ങിൽ സംസാരിക്കവെയാണ് ലഫ്റ്റനന്റ് ഗവർണർ ഭീകരത പടർത്തുന്ന പാകിസ്താനെ രൂക്ഷമായി വിമർശിച്ചത്. “അയൽരാജ്യങ്ങൾ ഇന്ത്യക്കെതിരെ ഭീഷണി തുടരുകയാണ്. അവർ ഇപ്പോഴും നിരപരാധികളെ കൊന്ന് മേഖലയിലെ സമാധാനം തകർക്കാൻ ശ്രമിക്കുന്നു. ഇത് അനുവദിക്കാനാകില്ല” മനോജ് സിൻഹ പറഞ്ഞു.
അതിർത്തിയിലൂടെയുള്ള ലഹരിക്കടത്തിന് തടയിടണമെന്നും കലാപാഹ്വാന ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്നും മനോജ് സിൻഹ പറഞ്ഞു. നിരപരാധികളെ സംരക്ഷിക്കുന്നതിനൊപ്പം കുറ്റവാളികളെ ശിക്ഷിക്കുകയും വേണം. രാജ്യത്തിനായുള്ള സേവനത്തിനിടെ ജീവൻ ബലിയർപ്പിച്ചവരുടെ ത്യാഗം എന്നെന്നും ഓർമിക്കപ്പെടുമെന്നും ലഫ്റ്റനന്റ് ഗവർണർ കൂട്ടിച്ചേർത്തു.















