കൽപ്പറ്റ: രാഷ്ട്രീയം നവ്യ ഹരിദാസ് കണ്ടും കേട്ടും പഠിച്ചതാണ്. തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ച ജനങ്ങൾക്കൊപ്പം ചേർന്നുനിന്ന് അവരുടെ അടിസ്ഥാന ആവശ്യങ്ങൾക്കായി പോരാടി പഠിച്ച പാഠങ്ങൾ. 2015 ൽ കോഴിക്കോട് കോർപ്പറേഷനിലെ കാരപ്പറമ്പ് വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി നവ്യ മത്സരിക്കാനിറങ്ങിയപ്പോൾ കുണ്ടും കുഴിയുമായ റോഡുകളും വെളിച്ചം കാണാത്ത വൈദ്യുത പോസ്റ്റുകളുമൊക്കെയായിരുന്നു നാട്ടിൽ ഉണ്ടായിരുന്നത്.
എന്നാൽ ഒരു വാർഡ് കൗൺസിലർ ആദ്യം മെച്ചപ്പെടുത്തേണ്ടത് ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളാണെന്ന് നവ്യ തിരിച്ചറിഞ്ഞു. സ്ഥാനാർത്ഥിക്ക് രാഷ്ട്രീയ പരിചയമില്ലെങ്കിലും വാർഡിലെ സാധാരണക്കാരുടെ ദുരിതം മനസിലാക്കുന്നുണ്ടെന്ന് ജനങ്ങളും തിരിച്ചറിഞ്ഞു. അതുകൊണ്ടു തന്നെ ആ അവസരം അവർ നവ്യയ്ക്ക് നൽകി. അവിടെ നിന്ന് നവ്യ തുടങ്ങുകയായിരുന്നു. 40 വർഷത്തിലേറെയായി ടാറിംഗ് കാണാതെ കിടന്ന റോഡ് പോലും നവ്യയുടെ ഇടപെടലിൽ പുതുമോടിയണിഞ്ഞു.
വർഷങ്ങളായി അവഗണിക്കപ്പെട്ടുകിടന്ന റോഡുകളും ഫുട്പാത്തുകളും നവീകരിച്ചു. രണ്ട് ദിവസം മഴ പെയ്താൽ വെള്ളക്കെട്ട് നിറയുന്ന റോഡുകളിൽ ഡ്രെയ്നേജ് സംവിധാനമൊരുക്കി. ഇരുട്ടിലായിരുന്ന വൈദ്യുത പോസ്റ്റുകളിൽ എൽഇഡി ലൈറ്റുകൾ തെളിഞ്ഞു. കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയുൾപ്പെടെ എല്ലാ സാദ്ധ്യതകളും വാർഡിന്റെ വികസനത്തിന് നവ്യ പ്രയോജനപ്പെടുത്തി. അങ്ങനെ അവഗണിക്കപ്പെട്ടുകിടന്ന കാരാപ്പറമ്പ് വികസനത്തിന്റെ മേലങ്കിയണിഞ്ഞപ്പോൾ നാടിന്റെ മുഖച്ഛായ മാറി. അതിനുളള സമ്മാനമായിരുന്നു 2020 ൽ ജനങ്ങൾ നവ്യയ്ക്ക് നൽകിയ തുടർവിജയം.
വികസനത്തിൽ മാത്രമല്ല, കെഎസ്ഇബിയും വാട്ടർ അതോറിറ്റിയും ഉൾപ്പെടെയുളള സർക്കാർ ഓഫീസുകളിൽ നാട്ടുകാരുടെ ആവശ്യങ്ങളുമായി നവ്യ ഏത് സമയത്തും ഓടിയെത്തും. കുടിവെളളപ്രശ്നത്തിലും വാർഡിലെ വെളിച്ചം മുടക്കുന്നതിലുമൊക്കെ ജനങ്ങൾക്കൊപ്പം നവ്യ പ്രതിഷേധിച്ചു. അങ്ങനെ നവ്യ കാരാപ്പറമ്പിലെ ജനങ്ങൾക്ക് ഏത് ആവശ്യത്തിനും എപ്പോഴും സമീപിക്കാവുന്ന സഹോദരിയും മകളുമൊക്കെയായി മാറി.
ഹൈദരാബാദിലെ എച്ച്എസ്ബിസിയിലെ ജോലി രാജിവെച്ചാണ് നവ്യ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. 2007 ൽ ബിടെക് പൂർത്തിയാക്കിയ നവ്യ, 3 വർഷം ഹൈദരാബാദ് എച്ച്എസ്ബിസിയിൽ സോഫ്റ്റ് വെയർ എൻജിനീയറായിരുന്നു. ഇതിന് ശേഷം സിംഗപ്പൂരിലും രണ്ട് വർഷം ജോലി ചെയ്തു. ഒരു വർഷത്തേക്ക് നാട്ടിലെത്തിയ ഇടവേളയിലായിരുന്നു ആദ്യ തെരഞ്ഞെടുപ്പ് അങ്കം. പിന്നീട് ജീവിതം ജനസേവനത്തിനായി മാറ്റിവക്കാൻ തീരുമാനിച്ചു. ഹൈദരബാദിലും സിംഗപ്പൂരിലുമൊക്കെ നേരിട്ട് കണ്ട വികസനവും ജനങ്ങളുടെ മെച്ചപ്പെട്ട ജീവിതനിലവാരവുമൊക്കെ സ്വന്തം നാട്ടിലേക്കും കൊണ്ടുവരാനായിരുന്നു നവ്യയുടെ ശ്രമം.
രണ്ടാം തവണ കോഴിക്കോട് കോർപ്പറേഷനിലെ മേയർ സ്ഥാനാർത്ഥിയായിട്ടാണ് നവ്യയെ ബിജെപി ഉയർത്തിക്കാട്ടിയത്. 2021 ൽ കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചു. ശക്തമായ ത്രികോണ മത്സരത്തിൽ 20.84 ശതമാനം വോട്ട് നേടി. അവിടെ നിന്ന് വയനാട്ടിലേക്ക് എൻഡിഎയുടെ ലോക്സഭാ സ്ഥാനാർത്ഥിയായി ചുരം കയറുമ്പോൾ എതിരാളികൾക്ക് ഒന്നുറപ്പിക്കാം. അവരോട് പടവെട്ടുന്നത് നിസാരക്കാരിയായ ഒരു പെൺകുട്ടിയല്ല. രാഷ്ട്രീയം ജനസേവനമായി കണ്ട് അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന യുവനേതാവാണ്.
രാഹുൽ വയനാടിനെ വഞ്ചിക്കുകയായിരുന്നുവെന്നാണ് നവ്യ പറയുന്നത്. ഒപ്പം ഉണ്ടാകുമെന്ന് അവിടുത്തെ ജനങ്ങൾക്ക് ഉറപ്പ് നൽകിയ ശേഷം റായ്ബറേലിയിൽ വിജയിച്ചപ്പോൾ വയനാടിനെ ഉപേക്ഷിച്ചു. അതിന് ശേഷം വയനാടിനെ കുടുംബ മണ്ഡലമാക്കി മാറ്റാനാണ് നീക്കമെന്നും നവ്യ ആരോപിക്കുന്നു. നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണ് സിപിഎം എന്നും നവ്യ ചൂണ്ടിക്കാട്ടുന്നു. അവരുടെ പാർട്ടിയെ തന്നെ വലിച്ചുകീറിയെടുക്കുന്ന സ്ഥിതിയാണ്. രണ്ട് പാർട്ടിയിലെയും വിശ്വാസ്യത ജനങ്ങൾക്ക് നഷ്ടമായി. മറ്റെവിടെയും രാഹുലിന് കഴിഞ്ഞ തവണ അവസരം കിട്ടാത്തതുകൊണ്ടാണ് വയനാട്ടിൽ നിന്നത്. ഇത്തവണ മറ്റൊരിടത്ത് അവസരം ലഭിച്ചപ്പോൾ വയനാടിനെ ഉപേക്ഷിച്ചു. രാഹുലിന് ഒരു ചോയ്സ് മാത്രമാണ് വയനാട് മണ്ഡലമെന്നും നവ്യ വിമർശിക്കുന്നു.
തൊണ്ടയാട് ചിന്മയ വിദ്യാലയത്തിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം, കെഎംസിടി എഞ്ചിനീയറിംങ് കോളേജിൽ നിന്നാണ് നവ്യ ബിടെക് ബിരുദം നേടിയത്. ബാലഗോകുലത്തിലൂടെ പൊതുപ്രവർത്തനത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചു. കാരപ്പറമ്പ് ഝാൻസി ബാലഗോകുലം രക്ഷാധികാരി, ഭഗിനിപ്രമുഖ് തുടങ്ങിയ ചുമതലകൾ വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു.
ഭർത്താവ് ശോഭിൻ ശ്യാം സിംഗപ്പൂരിൽ മറൈൻ എഞ്ചിനീയറാണ്. മക്കളായ സ്വാതിക് ശോഭിൻ (ഒമ്പതാം ക്ലാസ്), ഇഷാന ശോഭിൻ (മൂന്നാം ക്ലാസ്) എന്നിവർ മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തിലെ വിദ്യാർത്ഥികളാണ്. കാരപ്പറമ്പ് തുളുവത്ത് ഹരിദാസന്റെയും ശകുന്തളയുടെയും രണ്ടാമത്തെ മകളാണ്.