ചെന്നൈ: കേട്ടാൽ ആരും അമ്പരന്ന് പോകുന്നൊരു പ്രസ്താവനയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കഴിഞ്ഞ ദിവസം നടത്തിയിരിക്കുന്നത്. പരമാവധി കുട്ടികളെ പ്രസവിക്കണമെന്നാണ് തമിഴ്നാട്ടിലെ ദമ്പതികൾക്ക് സ്റ്റാലിൻ നൽകുന്ന നിർദേശം. ഒന്നും രണ്ടുമല്ല, 16 കുട്ടികളെങ്കിലും ഒരു വീട്ടിൽ വേണമെന്ന ആശയവും തമിഴ്നാട് മുഖ്യമന്ത്രി പങ്കുവച്ചു. നമ്മുടെ പാർലമെന്ററി സീറ്റുകൾ സംരക്ഷിക്കാൻ ജനസംഖ്യ ഉയർത്തുകയാണ് വേണ്ടതെന്നാണ് സ്റ്റാലിൻ ജനങ്ങളോട് പറയുന്നത്. “എന്തുകൊണ്ട് നമുടെ വീട്ടിൽ 16 കുട്ടികൾ ആയിക്കൂടാ”- എന്നും സ്റ്റാലിൻ ചോദിച്ചു.
പണ്ടൊക്കെ 16 പ്രസവിക്കുന്നതിനെക്കുറിച്ച് പഴമക്കാർ പറയുമായിരുന്നു. ഇന്നത്തെ കാലത്ത് കുറച്ച് കുട്ടികൾ, പുരോഗതിയുള്ള ജീവിതം എന്നതാണ് ആശയം. പക്ഷെ, ഇപ്പോൾ അതിർത്തി നിർണയം നടക്കാൻ സാധ്യതയുള്ള ഈ സമയത്ത്, നമ്മൾ മാറ്റി ചിന്തിക്കണം. ഒരുപക്ഷെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി ലോക്സഭാ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയിക്കപ്പെട്ടേക്കാം. ജനസംഖ്യ കുറവാണെങ്കിൽ നമുക്ക് സീറ്റുകൾ കുറഞ്ഞുപോകാനും സാധ്യതയുണ്ട്. അതിനാൽ കുട്ടികളുണ്ടാകുന്നതിൽ ആരും നിയന്ത്രണം കരുതേണ്ട. നമുക്കും 16 മക്കൾ ആകാമല്ലോ, സന്തോഷമായി ജീവിക്കാം. – സ്റ്റാലിൻ പറഞ്ഞു.
2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് സർവേ നടക്കുമെന്നും ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ലോക്സഭാ മണ്ഡലങ്ങളുടെ അതിർത്തികളിൽ വ്യത്യാസം വരുമെന്നുമുള്ള പ്രചാരണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് സ്റ്റാലിന്റെ വാക്കുകൾ. ജനസംഖ്യാ സാന്ദ്രതയേറെയുള്ള സംസ്ഥാനങ്ങളിൽ സീറ്റുകൾ വർദ്ധിക്കുമെന്നതിനാലാണ് ഇത്തരമൊരു പരാമർശം തമിഴ്നാട് മുഖ്യമന്ത്രി നടത്തിയത്.















