ഷിംല: അനധികൃത നിർമാണത്തിന്റെ പേരിൽ പ്രദേശവാസികളുടെ പ്രതിഷേധമുയർന്ന ഹിമാചലിലെ സാൻജൗലി മസ്ജിദിന്റെ മൂന്ന് നിലകൾ പൊളിച്ചുമാറ്റാനുള്ള നടപടികൾ ആരംഭിച്ചു. രണ്ട് മാസത്തിനകം മസ്ജിദിന്റെ മൂന്ന് നിലകൾ പൊളിക്കണമെന്ന കോടതിയുടെ കർശന നിർദേശ പ്രകാരമാണ് പൊളിക്കൽ നടപടി തുടങ്ങിയത്. നിലകൾ പൊളിക്കുന്നതിന് വഖഫ് ബോർഡിനോട് അനുമതി തേടിയിട്ടുണ്ടെന്ന് മസ്ജിദ് കമ്മിറ്റി അംഗം മുഹമ്മദ് ലത്തീഫ് നേഗി അറിയിച്ചു.
മൂന്ന് നിലകൾ പൊളിക്കുന്നതിന്റെ മുഴുവൻ ചെലവും മസ്ജിദ് കമ്മിറ്റിയായിരിക്കും വഹിക്കുക. ഈ മാസം അഞ്ചിനാണ് സാൻജൗലി മസ്ജിദിന്റെ മൂന്ന് നിലകൾ പൊളിച്ചുമാറ്റണമെന്ന് കോടതി നിർദേശിച്ചത്. അനുമതി ഇല്ലാതെ നിർമിച്ച ഭാഗങ്ങൾ പൊളിച്ചുനീക്കണമെന്നായിരുന്നു കോടതി നിർദേശം. ഡിസംബർ 21-നാണ് കേസിൽ വീണ്ടും വാദം കേൾക്കുന്നത്.
അനുമതി ഇല്ലാതെയാണ് മസ്ജിദ് നിർമിച്ചതെന്ന് ആരോപിച്ച് വിവിധ ഹൈന്ദവ സംഘടനകളും രംഗത്തെത്തിയിരുന്നു. മസ്ജിദ് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ പ്രതിഷേധവും നടത്തിയിരുന്നു. മസ്ജിദിന്റെ നിർമാണം പ്രദേശത്തെ ജനങ്ങളുടെ ആവാസ വ്യവസ്ഥയെ തന്നെ തകിടം മറിക്കുമെന്നും അനധികൃത നിർമാണത്തിന് പിന്നിലെ സാമ്പത്തിക ഉറവിടം അന്വേഷിക്കണമെന്നുമായിരുന്നു ഹൈന്ദവ സംഘടനകളുടെ ആവശ്യം. അഞ്ച് നിലയിലാണ് മസ്ജിദ് നിർമിച്ചത്.















