തരുൺ മൂർത്തിയുടെ സംവിധാനത്തിലൊരുങ്ങുന്ന മോഹൻലാലിന്റെ 360-ാമത്തെ ചിത്രത്തിനായി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സാധാരണക്കാരനായ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. 2025-ജനുവരി 23-ന് ചിത്രം റിലീസ് ചെയ്യുമെന്ന അനൗദ്യോഗിക വിവരം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
സിനിമയുടെ പേര് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് തേനിയിൽ പുരോഗമിക്കുകയാണ്. ഈ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം ചിത്രത്തിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഷെഡ്യൂൾ തൊടുപുഴയിൽ നടക്കും. മോഹൻലാൽ- ശോഭന എവർഗ്രീൻ കോംബോ 20 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നുവെന്ന സവിശേഷത കൂടി ഈ സിനിമയ്‌ക്കുണ്ട്.
ദൃശ്യത്തിലെ ജോർജുകുട്ടിയെ പോലെ സാധരണക്കാരന്റെ വേഷത്തിലെത്തുന്ന മോഹൻലാലിനെ കാണാൻ പ്രേക്ഷകരും ഏറെ ആകാംക്ഷയിലാണ്. ടാക്സി ഡ്രൈവറുടെ കുടുംബവും അതിനെ ചുറ്റിപറ്റിയുള്ള സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ദൃശ്യം 2-ന് ശേഷം വലിയൊരു ഇടവേള എടുത്തിട്ടാണ് ഇത്തരമൊരു വേഷത്തിൽ മോഹൻലാൽ തിരികെവരുന്നത്.
തരുൺ മൂർത്തിയും കെ ആർ സുനിലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്താണ് ചിത്രം നിർമിക്കുന്നത്. ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, പ്രകാശ് വർമ്മ, കൃഷ്ണ പ്രഭ, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.