മുംബൈ: നടൻ സൽമാൻ ഖാനെ വധിക്കുമെന്ന് വാട്‌സആപ്പിലൂടെ ഭീഷണി അയച്ച ആൾ ദിവസങ്ങൾക്ക് ശേഷം ക്ഷമാപണം നടത്തി രംഗത്ത്. മുംബൈ പൊലീസിനാണ് കഴിഞ്ഞ ദിവസം അഞ്ച് കോടി രൂപ തന്നില്ലെങ്കിൽ സൽമാൻ ഖാനെ വധിക്കുമെന്ന ഭീഷണി സന്ദേശമെത്തിയത്. എന്നാൽ അന്വേഷണം മുറുകിയതോടെ അബദ്ധം പറ്റിയതാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞ് അതേ വാട്‌സ്ആപ്പ് നമ്പരിൽ നിന്നും അടുത്ത സന്ദേശം എത്തുകയായിരുന്നു.
വാട്‌സ്ആപ്പ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ മുംബൈ പൊലീസ് ആരംഭിച്ചിട്ടുണ്ട്. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സന്ദേശം അയച്ചയാൾ ഝാർഖണ്ഡ് സ്വദേശിയാണെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ 18-നാണ് സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തികൊണ്ട് സന്ദേശം ലഭിച്ചത്. ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കണമെങ്കിൽ അഞ്ച് കോടി നൽകണമെന്നും ഇല്ലെങ്കിൽ നടന്റെ അവസ്ഥ അടുത്തിടെ കൊല്ലപ്പെട്ട മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ നേതാവ് ബാബ സിദ്ദിഖിയെക്കാൾ മോശമാകുമെന്നും ഭീഷണി സന്ദേശത്തിൽ പറഞ്ഞിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. കൂടാതെ സൽമാന്റെ ബാന്ദ്രയിലെ വസതിയ്‌ക്ക് ചുറ്റും സുരക്ഷയും വർദ്ധിപ്പിച്ചു.
അതേസമയം, ലോറൻസ് ബിഷ്‌ണോയി സംഘാംഗങ്ങളിലൊരാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുഖ്ബീർ ബൽബീർ സിംഗ് എന്നയാളെ ഹരിയാനയിലെ പാനിപ്പത്തിൽ നിന്നാണ് പിടികൂടിയത്. സൽമാൻ ഖാനെ വധിക്കാൻ ഇയാൾ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും, നടനെ ആക്രമിക്കാൻ സംഘത്തിലെ മറ്റ് അംഗങ്ങൾക്ക് ഇയാൾ നിർദേശം നൽകിയതായും പൊലീസ് കണ്ടെത്തി.















