ന്യൂഡൽഹി: 2026 ലെ ഗ്ലാസ്‌ഗോ കോമൺവെൽത്തിൽ നിന്ന് ഹോക്കി ഒഴിവാക്കിയേക്കും. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഗെയിംസിൽ നിന്നും ഹോക്കിയെ പുറന്തള്ളുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷനോ (FIH) കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷനോ (CGF) ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
1998 ൽ തുടങ്ങി പിന്നീടുള്ള എല്ലാ കോമൺവെൽത്ത് ഗെയിംസുകളിലും ഹോക്കിയും ഹോക്കിയും ഭാഗമാണ്. എന്നാൽ ഇത്തവണ ചെലവ് വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി നെറ്റ് ബോൾ, റോഡ് റേസിംഗ് എന്നീ മത്സരയിനങ്ങൾക്കൊപ്പം ഹോക്കിയെയും ഒഴിവാക്കാനാണ് സംഘാടകരുടെ തീരുമാനം. നടത്തിപ്പിന്റെ ഉയർന്ന ബജറ്റ് കാരണം ഓസ്‌ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയ
ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിൽ നിന്നും പിന്മാറിയിരുന്നു. തുടർന്നാണ് സ്‌കോട്‌ലന്‍ഡ് ഇതേറ്റെടുത്തത്.
2026 ജൂലൈ 23 മുതൽ ഓഗസ്റ്റ് 2 വരെയാണ് കോമൺവെൽത്ത് ഗെയിംസ്. രണ്ടാഴ്ചയ്‌ക്ക് ശേഷം ഹോക്കി ലോകകപ്പും ആരംഭിക്കും. ഇതും കോമൺവെൽത്തിൽ നിന്നും ഹോക്കിയെ ഒഴിവാക്കാനുള്ള കാരണമായി കരുതപ്പെടുന്നുണ്ട്. ചെലവുചുരുക്കലിന്റെ ഭാഗമായി ഗെയിംസ് സംഘാടകർ മത്സരയിനങ്ങൾ 19 ഇത് നിന്നും 10 ആയി കുറച്ചുവെന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുത്തിരിക്കുന്ന വേദികളിലൊന്നും ഹോക്കി ടർഫ് ഇല്ലെന്നതും ശ്രദ്ധേയമാണ്.
ഗെയിംസിൽ നിന്ന് ഹോക്കിയെ ഒഴിവാക്കുന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയാകും. ഇന്ത്യൻ പുരുഷ ഹോക്കി ടീം ഇതുവരെ 3 തവണ വെള്ളിയും രണ്ട് തവണ വെങ്കലവും നേടിയിട്ടുണ്ട്. വനിതാ ടീമിന് സ്വർണമുൾപ്പെടെ 3 മെഡലുകളും ഈ ഇനത്തിലുണ്ട്.