ശ്രീനഗർ: കർവാ ചൗത്തിന് പുതിയ വസ്ത്രങ്ങളണിഞ്ഞ് വിളക്കും തട്ടത്തിൽ മധുരവും പഴങ്ങളും സിന്ദൂരവും വേണ്ടതെല്ലാമൊരുക്കി രുചി അബ്രോൾ ഭർത്താവിന്റെ വിളിക്കായി കാത്തിരുന്നു. അദ്ദേഹത്തിന്റെ ദീർഘായുസ്സിന് വേണ്ടി വ്രതം നോറ്റ് ഉപവാസമനുഷ്ഠിച്ച് കാത്തിരുന്ന രുചിയെത്തേടിയെത്തിയത് ഭർത്താവിന്റെ മരണവർത്തയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കശ്മീരിലെ ഗന്ദർബാൽ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ രുചിയുടെ ഭർത്താവ് ശശിഭൂഷൺ അബ്രോളും കൊല്ലപ്പെട്ടു.
ശ്രീനഗർ- ലേ ദേശീയ പാതയിലെ തുരങ്ക നിർമ്മാണ സ്ഥലത്തുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഏഴുപേരിൽ ഒരാളാണ് ആർക്കിടെക്ച്ചറൽ ഡിസൈനറായ ശശി അബ്രോൾ. ഇദ്ദേഹവും സംഘവും സംഘവും രാത്രി ക്യാമ്പിലേക്ക് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്.
“ഞാൻ അദ്ദേഹത്തോട് വൈകുന്നേരം സംസാരിച്ചിരുന്നു. അവിടെ പ്രശ്നങ്ങളൊന്നും ഉണ്ടെന്ന് പറഞ്ഞിരുന്നില്ല. ഞാൻ കർവാ ചൗത്ത് വ്രതത്തിന്റെ ഭാഗമായി അമ്പലത്തിലേക്ക് പോവുകയായിരുന്നു. അതുകൊണ്ട് കുറച്ച് നേരമാണ് സംസാരിക്കാനായത്,” മൂന്ന് വയസുമാത്രം പ്രായമുള്ള തന്റെ മകളെ ചേർത്തുപിടിച്ചുകൊണ്ട് രുചി പറഞ്ഞു.
ക്ഷേത്രത്തിൽ നിന്നും തിരിച്ചെത്തിയശേഷം ഭർത്താവിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും എടുത്തില്ലെന്നും വീണ്ടും ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും രുചി പറഞ്ഞു. മണിക്കൂറുകൾക്ക് ശേഷം ടിവിയിൽ വന്ന വർത്തകളിലൂടെയാണ് രുചിയും കുടുംബവും മരണവർത്തയറിയുന്നത്.
കൺസ്ട്രക്ഷൻ കമ്പനിയായ ആപ്കോയിൽ ആറു വർഷമായി ജോലിചെയ്തുവരികയായിരുന്നു ശശിഭൂഷൺ. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. മകന്റെ കോളേജ് പ്രവേശനത്തിനായി അടുത്തിടെ ജമ്മുവിലെ വീട്ടിൽ തിരിച്ചെത്തിയിരുന്നു. മകനെ എഞ്ചിനീയർ ആക്കണമെന്നായിരുന്നു ശശി ഭൂഷണിന്റെ സ്വപ്നമെന്ന് സഹോദരി ദിവ്യ പറഞ്ഞു. അദ്ദേഹത്തിന്റെ പിതാവ് ജെ എൽ അബ്രോൾ കുടുംബത്തിന് സർക്കാരിന്റെ സഹായം നൽകണമെന്ന് അഭ്യർത്ഥിച്ചു. കുടുബം പോറ്റാൻ മരുമകൾ രുചിക്കെങ്കിലും സർക്കാർ ജോലി നൽകണമെന്നാണ് പിതാവിന്റെ ആവശ്യം.















