ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ കാനഡയുടെ ഇരട്ടത്താപ്പിനെ വിമർശിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. യഥാർത്ഥത്തിൽ എന്താണ് അവിടെ സംഭവിക്കുന്നത് എന്ന് അറിയാൻ ഇന്ത്യൻ നയതന്ത്രജ്ഞർ ശ്രമിക്കുന്നത് കനേഡിയൻ ഭരണകൂടത്തിന് അംഗീകരിക്കാനാകാത്ത കാര്യമാണെന്ന് തോന്നിയിട്ടുണ്ടെന്ന് ജയശങ്കർ പറഞ്ഞു. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്‌ക്കെതിരെ യാതൊരു തെളിവുകളുമില്ലാതെ ആരോപണങ്ങൾ ഉയർത്തിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തേയും ഇത് പ്രതികൂലമായി ബാധിക്കുകയായിരുന്നു.
നയതന്ത്ര വിഷയങ്ങളിൽ കാനഡ പലപ്പോഴും ബന്ധമില്ലാത്ത നിലപാടുകളാണ് സ്വീകരിക്കാറുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ” ഇന്ത്യയുടെ ഹൈക്കമ്മീഷണർക്കെതിരെ അവർ തെളിവുകളില്ലാതെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി. ഇതോടെയാണ് ഹൈക്കമ്മീഷറെ പിൻവലിക്കാൻ തീരുമാനിച്ചത്. അവിടെ എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാൻ നമ്മുടെ നയതന്ത്രജ്ഞർ ശ്രമിച്ചു. എന്നാൽ കാനഡയ്‌ക്ക് അതിൽ പ്രശ്‌നങ്ങൾ ഉള്ളതായി തോന്നി. നയതന്ത്രജ്ഞർക്കെതിരെ ഇത്തരത്തിൽ കടുത്ത നിലപാടുകൾ സ്വീകരിക്കുമ്പോൾ പോലും മറുവശത്ത് അവരുടെ സമീപനം തീർത്തും വ്യത്യസ്തമാണ്.
നയതന്ത്രജ്ഞർക്ക് അവർ നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ തന്നെ, ഇന്ത്യയ്‌ക്കെതിരെ ഭീഷണി മുഴക്കുന്നവർക്ക് അവർ എല്ലാ രീതിയിലും ലൈസൻസ് നൽകുകയാണ്. ഇന്ത്യയുടെ നേതാക്കളേയും നയതന്ത്രജ്ഞരേയും പരസ്യമായി തന്നെ ഭീഷണിപ്പെടുത്തുന്ന ആളുകളെ കുറിച്ച് അവരോട് പറയുമ്പോൾ, അത് അഭിപ്രായ സ്വാതന്ത്ര്യമാണെന്നാണ് കാനഡയുടെ നിലപാട്. ഇന്ത്യയുടെ ഹൈക്കമ്മീഷണറെ ഒരാൾ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാൽ അത് അഭിപ്രായ സ്വാതന്ത്ര്യമായി കണക്കാക്കണം. പക്ഷേ കനേഡിയൻ ഹൈക്കമ്മീഷണർ സൗത്ത് ബ്ലോക്കിൽ നിന്ന് ദേഷ്യപ്പെട്ട് പുറത്തേക്ക് പോയതിനെ കുറിച്ച് ഒരു ഇന്ത്യൻ മാദ്ധ്യമപ്രവർത്തകൻ ചൂണ്ടിക്കാണിച്ചാൽ ഉടനെ അത് വിദേശ ഇടപെടലായി മാറുകയാണ്.
ഇരട്ടത്താപ്പ് എന്താണെന്ന് ഇതിൽ നിന്ന് തന്നെ മനസിലാക്കാം. ഞങ്ങൾ ഞങ്ങളുടെ വീട്ടിൽ ഞങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യും. ഇനി വിദേശത്ത് പോയാലും ഞങ്ങൾ അങ്ങനെ തന്നെ ചെയ്യും. പക്ഷേ അത് നിങ്ങൾക്ക് ബാധകമല്ല എന്നതാണ് ഇപ്പോൾ കാനഡയുടെ സമീപനമെന്നും” ജയശങ്കർ പറയുന്നു. ഇന്ത്യയുടെ പരമാധികാരത്തേയും പ്രാദേശിക അഖണ്ഡതയേയും ഖാലിസ്ഥാൻ ഭീകരർ വെല്ലുവിളിക്കുകയാണെന്നും, കനേഡിയൻ സർക്കാർ ഇവരെ തടയാതെ എല്ലാവിധത്തിലും പിന്തുണയ്‌ക്കുകയാണെന്നും കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായിരുന്ന സഞ്ജയ് കുമാർ വർമ്മയും ആരോപിച്ചിരുന്നു. കനേഡിയൻ പൗരന്മാരാണ് ഖാലിസ്ഥാൻ വാദികൾ. ഒരു രാജ്യത്തിരുന്ന് മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്നത് ഒരു രാജ്യവും അംഗീകരിച്ചു കൊടുക്കുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.















