ശ്രീനഗർ: ജമ്മുകശ്മീരിലെ ഗന്ദർബാൽ ഭീകരാക്രമണത്തിന് പിന്നാലെ ജാഗ്രത കടുപ്പിച്ച് സൈന്യം. വെടിവയ്പ്പ് നടന്ന സ്ഥലത്തെത്തി എൻഐഎ തെളിവുകൾ ശേഖരിച്ചു. ഒരു ഡോക്ടറടക്കം ഏഴ് പേരുടെ ജീവനെടുത്ത ആക്രമണത്തിൽ രണ്ട് വിദേശഭീകരർക്ക് പങ്കുള്ളതായി കണ്ടെത്തിയെന്നും ഇവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നുമാണ് ലെഫ്. ഗവർണർ മനോജ് സിൻഹയുടെ പ്രതികരണം. ഇവർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വടക്കൻ കശ്മീരിലെ ബന്ദിപോറ ഏരിയ വഴി നുഴഞ്ഞുകയറിയ രണ്ട് വിദേശ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. തുരങ്ക നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തെത്തി ഭീകരർ നടത്തിയ വെടിവയ്പ്പിൽ നിർമാണ തൊഴിലാളികളായ ആറ് പേരും ഒരു ഡോക്ടറുമാണ് കൊല്ലപ്പെട്ടത്. തുരങ്ക നിർമാണത്തിന്റെ ഭാഗമായ സംഘം അന്നേദിവസത്തെ ജോലി കഴിഞ്ഞ് ക്യാമ്പിലേക്ക് മടങ്ങിപ്പോകാൻ ഒരുങ്ങുമ്പോഴായിരുന്നു വെടിവയ്പ്പ്. ആക്രമണത്തിൽ പരിക്കേറ്റ നാല് പേർ ചികിത്സയിലാണ്. മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേരായിരുന്നു വെടിവച്ചത്. ഗന്ദർബാൽ ജില്ലയിലെ ശ്രീനഗർ-ലേ ദേശീയപാതയിലുള്ള Z-morh തുരങ്കം നിർമിക്കുന്ന തൊഴിലാളികളാണ് ആക്രമണത്തിന് ഇരയായത്.















