തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ തുക അനുവദിച്ച് കേന്ദ്രസർക്കാർ. 35 കോടി രൂപ അനുവദിച്ച് ദേശീയ ആരോഗ്യമിഷൻ ഉത്തരവിറക്കി. ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികളുടെ നടത്തിപ്പിനായാണ് തുക അനുവദിച്ചു നൽകിയത്.
സംസ്ഥാനത്തെ ആരോഗ്യമേഖല ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെയാണ് നിലവിൽ കടന്നുപോകുന്നത്. പല ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്തതിനാൽ രോഗികൾ വലയുകയാണ്. കുട്ടികളുടെയും അമ്മമാരുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ആരംഭിച്ച ആർസിഎച്ച് പദ്ധതി, ദേശീയ ആരോഗ്യ പദ്ധതികൾ, അർബൻ ഹെൽത്ത് മിഷൻ എന്നിവയുടെ നടത്തിപ്പിനായുള്ള തുകയാണ് കേന്ദ്ര സർക്കാർ നിലവിൽ അനുവദിച്ചിരിക്കുന്നത്.
2024 25 സാമ്പത്തിക വർഷത്തിൽ കേരളത്തിനായി വകയിരുത്തിയ തുക ക്യത്യമായ ഇടവേളകളിൽ ഗഡുക്കളായി കേന്ദ്രം അനുവദിച്ച് നൽകുന്നുണ്ട്. പുതിയ കെട്ടിടങ്ങളുടെ നിർമ്മാണത്തിനും നവീകരണത്തിനുമായി അടുത്തിടെയും കേന്ദ്ര സർക്കാർ എൻഎച്ച്എം വഴി കേരളത്തിന് തുക അനുവദിച്ചിരുന്നു. എന്നാൽ കേന്ദ്രം അനുവദിക്കുന്ന തുക സംസ്ഥാനം വകമാറ്റി ചിലവഴിക്കുവെന്ന ആരോപണം ശക്തമാണ്. കാരുണ്യ പദ്ധതിയുടെ നടത്തിപ്പിന് വേണ്ടതുൾപ്പടെയുള്ള കേന്ദ്ര വിഹിതം കൃത്യമായി ലഭ്യമാക്കുന്നുണ്ട്. എന്നാൽ ആശുപത്രികൾക്ക് സംസ്ഥാന സർക്കാർ കുടിശ്ശികയിനത്തിൽ കോടികൾ നൽകാനുള്ളതിൽ പദ്ധതി നിലയ്‌ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.