തിരുവനന്തപുരം: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. അതിനാൽ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും. മറുപടി സത്യവാങ്മൂലം നൽകാൻ സിദ്ദിഖിന് സമയവും നൽകിയിട്ടുണ്ട്. അതേസമയം കേസിൽ 8 കൊല്ലം കാലതാമസം എങ്ങനെ വന്നുവെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു.
സംസ്ഥാനസർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാർ സിദ്ദിഖിനെതിരെ ഗുരുതര ആരോപണങ്ങളാണ് കോടതിയിൽ ഉന്നയിച്ചത്. നടൻ തെളിവ് നശിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അദ്ദേഹം വാദിച്ചു. എട്ടുകൊല്ലത്തിന് ശേഷമല്ലേ കേസെന്ന കോടതിയുടെ ചോദ്യത്തിന് സൂപ്പർസ്റ്റാറിനെതിരെ പോകാൻ പലരും മടിക്കുമെന്നും പരാതി നൽകുന്നതിന് മുൻപ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നുവെന്നുമാണ് പരാതിക്കാരുടെ അഭിഭാഷക പറഞ്ഞത്.
അതേസമയം കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഒരു റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറുപടി സത്യവാങ്മൂലം നൽകാനുള്ള സമയം വേണമെന്ന് സുപ്രീംകോടതിയിൽ സിദ്ദിഖിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി ഗിരി ആവശ്യപ്പെട്ടു. ഇതിനെത്തുടർന്നാണ് ജസ്റ്റിസ് ബേല എം ത്രിവേദി അദ്ധ്യക്ഷനായ ബെഞ്ച് സിദ്ദിഖിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് രണ്ടാഴ്‌ചത്തേക്ക് മാറ്റിയത്. അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവും തുടരുമെന്ന് കോടതി വ്യക്തമാക്കി.















