ബെംഗളൂരു: കർണാടകയിൽ നാശം വിതച്ച് മഴയും വെള്ളപ്പൊക്കവും. കനത്ത മഴയിൽ നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടം തകർന്നുവീണു. 10 ലധികം ആളുകൾ കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ടെന്ന് അധികൃതർ പറഞ്ഞു.
കിഴക്കൻ ബെംഗളൂരുവിലെ ബാബുസപാളയത്തിലാണ് അപകടം. കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മൂന്ന് പേരെ രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിൽ ബെംഗളൂരു നഗരത്തിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
യെലഹങ്കയിൽ വെള്ളപ്പൊക്കം രൂക്ഷമായതോടെ കെട്ടിടങ്ങളിൽ നിന്നും ആളുകളെ ബോട്ടുകൾ ഉപയോഗിച്ച് രക്ഷിച്ചു. ചില ട്രെയിനുകളും വിമാനങ്ങളും താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്. പ്രകൃതി ദുരന്തം തടയാനാകില്ലെങ്കിലും ജനസുരക്ഷ ഉറപ്പുവരുത്താൻ സാധ്യമാകുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.