തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള വാക്കുതർക്കത്തിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ച് പൊലീസ്. യദുവിനെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള റിപ്പോർട്ടാണ് അന്വേഷണ സംഘം തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. യദുവിനെതിരെ നേരത്തെയും പരാതികൾ ഉണ്ടായിട്ടുണ്ടെന്നും മാദ്ധ്യമശ്രദ്ധയ്‌ക്ക് വേണ്ടിയാണ് യദു പരാതി നൽകിയതെന്നും അന്വേഷണ സംഘം റിപ്പോർട്ടിൽ പറയുന്നു.
കേസുമായി ബന്ധപ്പെട്ട 14 രേഖകളാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. മേയർക്കും സച്ചിൻ ദേവിനുമൊപ്പം സഞ്ചരിച്ച കന്യാകുമാരി സ്വദേശി രാജീവ് നാലാം പ്രതിയും മേയറുടെ സഹോദരന്റെ ഭാര്യ അഞ്ചാം പ്രതിയുമാണ്.
കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന യദുവിന്റെ ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും. മേയറും സുഹൃത്തുക്കളും തന്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയെന്നും ബസിൽ അതിക്രമിച്ച് കയറിയെന്നുമാണ് യദുവിന്റെ പരാതിയിൽ പറയുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് മേയർ ആര്യ രാജേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. നിയമവിരുദ്ധമായി സംഘം ചേരൽ, പൊതുഗതാഗതത്തിന് തടസം സൃഷ്ടിക്കൽ, പൊതുജനശല്യം, അന്യായമായ തടസപ്പെടുത്തൽ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയ വകുപ്പുകൾ.