ചണ്ഡിഗഡ്: നെഞ്ചിലേക്ക് ആഴ്ന്നിറങ്ങിയ കത്തിയുമായി ഒരു മനുഷ്യന് എത്രനേരം ജീവിക്കാൻ സാധിക്കും? മുറിവ് ഗുരുതരമാണെങ്കിൽ അധിക ദിവസം പോയിട്ട് ഒരു മണിക്കൂർ പോലും ചിലപ്പോൾ ജീവൻ നിലനിർത്താൻ കഴിയില്ല. എന്നാൽ ഒരു മെഡിക്കൽ മിറാക്കിളെന്ന പോലെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ കത്തിയുമായി ദിനേശ് എന്ന യുവാവ് ആറ് ദിവസം മരണത്തോട് മല്ലിട്ട് പതിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
ഒക്ടോബർ 16 നാണ് ഹരിയാനയിലെ സോനിപത് സ്വദേശിയായ ദിനേശിനെ ഒരുകൂട്ടം ആളുകൾ മർദ്ദിച്ചത്. ആക്രമണത്തിൽ ദിനേഷിന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി അക്രമികൾ കടന്നുകളഞ്ഞു. കത്തിയുടെ പിടി പൊട്ടിപോവുകയും ബാക്കി ഭാഗം ഹൃദയത്തിൽ തറച്ചിരിക്കുകയും ചെയ്തു.
വൈകാതെ ദിനേശിനെ നാട്ടുകാർ ചേർന്ന് രോഹ്തകിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ഹൃദയത്തിലെ വലത് ആട്രിയത്തിലാണ് കത്തി ആഴ്ന്നിറങ്ങിയതെന്ന് ഡോക്ടർമാർ കണ്ടെത്തി. ഇത്തരം സാഹചര്യത്തിൽ ശസ്ത്രക്രിയ നടത്തുന്നത് രോഗിയുടെ നില ഗുരുതരമാകാനും അമിത രക്തസ്രാവം മൂലം മരണപ്പെടാനും ഇടയുണ്ട്. മറ്റ് മാർഗങ്ങളൊന്നുമില്ലാത്തതിനാൽ ദിനേശിനെ ഹൃദയ ശസ്ത്രക്രിയ്‌ക്ക് വിധേയനാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.
ഒക്ടോബർ 22നായിരുന്നു ശസ്ത്രക്രിയ. 4-5 മണിക്കൂർ നീണ്ട ശസ്ത്രക്രിയ്‌ക്കൊടുവിൽ പൊട്ടിയിരുന്ന കത്തി ഡോക്ടർമാർ നീക്കം ചെയ്തു. ദിനേശിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വൈകാതെ വീട്ടിലേക്ക് പോകാൻ സാധിക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.
അക്രമികൾ യുവാവിനെ തട്ടിക്കൊണ്ടുപോകാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്ന് ദിനേശിന്റെ ഡ്രൈവറായ സമീർ പറഞ്ഞു. ഇത് തടയാൻ ശ്രമിച്ച തന്നെ അക്രമികൾ മർദ്ദിച്ചുവെന്നും ദിനേശിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നും സമീർ വ്യക്തമാക്കി. പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.