കാസൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുളള ഊഷ്മളമായ ബന്ധം ഊന്നിപ്പറയുന്ന റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. “നമ്മൾ തമ്മിൽ അങ്ങനൊരു ബന്ധമാണ്. ഒരു പരിഭാഷയുടെ ആവശ്യമുണ്ടെന്ന് പോലും എനിക്ക് തോന്നുന്നില്ല” എന്ന പുടിന്റെ വാക്കുകളാണ് വൈറലായി മാറിയത്. ബ്രിക്‌സ് ഉച്ചകോടിക്കായി കാസനിലെത്തിയ മോദിയുമായി ഉഭയകക്ഷി ചർച്ച നടത്തിയ ശേഷം സംസാരിക്കവേയായിരുന്നു ചെറുപുഞ്ചിരിയോടെ ഭാരതീയരുടെ ഹൃദയത്തിൽ തൊടുന്ന പുടിന്റെ വാക്കുകൾ.
റഷ്യൻ ഭാഷയിലായിരുന്നു പുടിൻ സംസാരിച്ചത്. ഹിന്ദിയിൽ അത് പരിഭാഷപ്പെടുത്താനുളള സൗകര്യവും ഒരുക്കിയിരുന്നു. പുടിന്റെ ഈ പരാമർശം പരിഭാഷപ്പെടുത്തിയപ്പോൾ പ്രധാനമന്ത്രിയും ചിരിയോടെയാണ് സ്വാഗതം ചെയ്തത്. മോസ്‌കോയിൽ ജൂലൈയിൽ നടന്ന ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടിയിൽ മോദിയുമായി നടത്തിയ കൂടിക്കാഴ്ച ഉൾപ്പെടെ പരാമർശിച്ചായിരുന്നു പുടിന്റെ വാക്കുകൾ.
ജൂലൈയിൽ നമ്മൾ കണ്ടപ്പോൾ ഒരുപാട് വിഷയങ്ങളിൽ വളരെ മികച്ച ചർച്ചകൾ നടന്നത് ഞാൻ ഓർക്കുന്നു. ഫോണിലും നമ്മൾ ഒരുപാട് തവണ സംസാരിച്ചിട്ടുണ്ട്. എന്റെ ക്ഷണം സ്വീകരിച്ച് കാസനിലേക്ക് വന്നതിൽ നന്ദി പറയുന്നുവെന്നും പുടിൻ വ്യക്തമാക്കി. ഇന്ത്യയും റഷ്യയുമായുളള സൗഹൃദവും പുടിനുമായുളള ബന്ധവും എടുത്തുപറഞ്ഞായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വാക്കുകൾ.
ഇരുവരും തമ്മിൽ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുൾപ്പെടെ ചർച്ച ചെയ്തിരുന്നു. യുക്രെയ്ൻ സംഘർഷത്തിൽ എത്രയും പെട്ടന്ന് പരിഹരിക്കണമെന്ന നിലപാടാണ് ഇന്ത്യയുടേതെന്നും എത്രയും വേഗം സമാധാനവും സുസ്ഥിരതയും പുനസ്ഥാപിക്കുന്നതിനെയാണ് ഇന്ത്യ പിന്തുണയ്‌ക്കുന്നതെന്നും മോദി പറഞ്ഞിരുന്നു.