മലയാളം, തെലുങ്ക്, തമിഴ് ചിത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ ഹൃദയം കീഴടക്കിയ നടിയാണ് നിത്യാ മേനൻ. സിനിമയിലെ നായിക സങ്കൽപ്പത്തിന്റെ വാർപ്പ് മാതൃക പൊളിച്ചടുക്കിയ നടിയാണ് അവർ. എന്നാൽ തന്റെ ശരീരത്തിന്റെ കാര്യത്തിൽ കരിയറിൽ നേരിടേണ്ടി വന്ന പരിഹാസങ്ങളും വിമർശനങ്ങളുമാണ് നിത്യ ഇപ്പോൾ തുറന്നുപറയുന്നത്. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
തെലുങ്ക് സിനിമയിൽ അഭിനയിക്കുമ്പോൾ സെറ്റിലുള്ള ആർക്കും തന്റെ ചുരുണ്ട മുടി ഇഷ്ടമായിരുന്നില്ല. ആദ്യ ചിത്രത്തിനായി സെറ്റിലെത്തിയപ്പോൾ എല്ലാവരും വളരെ വിചിത്രമായാണ് നോക്കിയത്. ഒരു സിനിമാ നടിക്ക് ചേരുന്ന വിധത്തിലേക്ക് ശരീരത്തിൽ മാറ്റങ്ങൾ വരുത്താൻ പലരും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഞാൻ വഴങ്ങിയില്ല. എനിക്ക് ഞാൻ അല്ലാതെ മറ്റാരുമാകാൻ സാധിക്കില്ലെന്ന ബോധ്യമുണ്ടായിരുന്നുവെന്ന് നിത്യ പറയുന്നു.
തടിച്ചിയാണെന്നും പൊക്കം കുറവാണെന്നും പറഞ്ഞ് പലരും പരിഹസിച്ചു. ചുരുണ്ട മുടിയാണെന്നും വലിയ പുരികങ്ങളാണെന്നും പലരും പറഞ്ഞിട്ടുണ്ടെന്നും നിത്യ പറഞ്ഞു. താഴ്ന്ന ചിന്താഗതിയുള്ളവർക്കാണ് ഇത്തരത്തിൽ രൂപം നോക്കി വിമർശിക്കാൻ സാധിക്കുക. അവരുടെ പരിഹാസങ്ങൾ നിങ്ങളെ ബാധിക്കുമെന്നതിൽ സംശയമില്ല. അങ്ങനെ ബാധിച്ചെങ്കിൽ മാത്രമേ നിങ്ങൾക്ക് അതിനെ മറികടക്കാനുള്ള ശക്തി ലഭിക്കുകയുള്ളൂ. നിങ്ങളെ ആരെങ്കിലും വെല്ലുവിളിക്കുകയാണെങ്കിൽ ഭാഗ്യവാനും അനുഗ്രഹീതനുമാണെന്ന് വിശ്വസിക്കണം. വെല്ലുവിളികൾ ഏറ്റെടുത്ത് മികച്ച വ്യക്തിയാകാൻ ശ്രമിക്കണമെന്നും നിത്യ വ്യക്തമാക്കി.
‘ഇഡ്‌ലി കടൈ’ എന്ന ചിത്രത്തിലാണ് ഇനി നിത്യ അഭിനയിക്കുന്നത്. തിരുച്ചിത്രമ്പലത്തിന് ശേഷമെത്തുന്ന ഇഡ്‌ലി കടൈയിലൂടെ ധനുഷ്- നിത്യാ മേനൻ കോമ്പോയ്‌ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇത്തവണത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും തിരുച്ചിത്രമ്പലത്തിലൂടെ നിത്യയെ തേടിയെത്തിയിരുന്നു.















