ദുബായിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസ്. ഗതാഗത നിയമലംഘങ്ങളുടെ തോത് അനുസരിച്ച് വാഹനങ്ങൾ കണ്ടുകെട്ടുമെന്ന് പൊലീസ് വ്യക്തമാക്കി.ഗുരുതര നിയമലംഘങ്ങൾക്ക് വാഹനങ്ങൾ 30 ദിവസം വരെ കണ്ടുകെട്ടും.ദുബായിൽ റോഡ് അപകടങ്ങൾ കുറയ്‌ക്കാനും സുരക്ഷ ഉറപ്പാക്കാനും പിഴ ഈടാക്കുന്നത് കർശനമാക്കാനും ലക്ഷ്യമിട്ടാണ് നടപടി. ജീവനും സ്വത്തിനും ഭീഷണിയാകും വിധം, മുന്നറിയിപ്പില്ലാതെ വാഹനങ്ങൾ പെട്ടെന്ന് വെട്ടിത്തിരിക്കുക, മതിയായ അകലം പാലിക്കാതെ വാഹനം ഓടിക്കുക, റോഡിൽ നിന്ന് ശ്രദ്ധതിരിയും വിധം മൊബൈൽ ഫോണോ മറ്റ് ഉപകരണകളോ ഉപയോഗിച്ച് വാഹനം ഓടിക്കുക, ലെയിൻ നിയമങ്ങൾ പാലിക്കാത്തിരിക്കുക എന്നിവ കണ്ടെത്തിയാൽ വാഹനങ്ങൾ 30 ദിവസത്തേക്ക് കണ്ടുകെട്ടുമെന്ന് പൊലീസ് വ്യക്തമാക്കി.
വാഹനങ്ങളുടെ ഒഴുക്ക് വകവെക്കാതെ റോഡിലേക്ക് പ്രവേശിക്കുക, അശ്രദ്ധമായി വാഹനം പിന്നോട്ട് എടുക്കുക, നടുറോഡിൽ മതിയായ കാരണമില്ലാതെ വണ്ടി നിർത്തുക, അപകടം ഉണ്ടാക്കും വിധം മുന്നിലെ വാഹനത്തെ മറികടക്കാൻ ശ്രമിക്കുക എന്നീ കുറ്റങ്ങൾക്ക് 14 ദിവസത്തേക്കാണ് വാഹനങ്ങൾ കണ്ടുകെട്ടുക.
അടിയന്തര സാഹചര്യങ്ങളിൽ അല്ലാതെ ഹാർഡ് ഷോൾഡറിൽ വാഹനം നിർത്തിയിട്ടാലും ഓവർ ടേക് ചെയ്താലും വാഹനം രണ്ടാഴ്ചത്തേക്ക് പിടിച്ചെടുക്കും. നമ്പർ പ്ലേറ്റ് ഇല്ലെങ്കിലും ഒരു നമ്പർ പ്ലേറ്റ് മാത്രം വച്ച് വാഹനം ഓടിച്ചാലും പൊലീസിന്റെ പിടിവീഴും.ഈ കാരണങ്ങൾക്ക് 14 ദിവസം കഴിയാതെ വാഹനം തിരിച്ച് കിട്ടില്ല. അനുമതി ഇല്ലാതെ വാഹനത്തിന്റെ നിറം മാറ്റിയാലും ഗതാഗത തടസം ഉണ്ടാക്കും വിധം വാഹനമോടിച്ചാലും 14 ദിവസത്തേക്ക് പൊലീസ് വാഹനം പിടിച്ചെടുക്കും.