ന്യൂഡൽഹി: ഹേമ കമ്മിറ്റിക്ക് മുമ്പാകെ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച് നിർമാതാവ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച നിർമാതാവ് സജിമോൻ പാറയിലാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.
സജിമോന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ഹാജരാകുമെന്നാണ് സൂചന. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുന്ന നടപടികൾ സ്റ്റേ ചെയ്യണമെന്ന് ഹർജിയിൽ പറയുന്നു. ജസ്റ്റിസുമാരായ വിക്രം നാഥ്, പി ബി വരാലെ എന്നിവരുടെ ബെഞ്ചിലാണ് ഹർജി ലിസ്റ്റ് ചെയ്തിട്ടുള്ളത്.
ജസ്റ്റിസുമാരായ ജയശങ്കർ നമ്പ്യാർ, സി.എസ്. സുധ എന്നിവർ അടങ്ങിയ ഹൈക്കോടതി ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്. പരാതിക്കാരുടെ പേരുകൾ പരസ്യപ്പെടുത്തരുതെന്നും ആരോപണവിധേയർക്ക് കേസിന്റെ അന്തിമ റിപോർട്ട് ഫയൽ ചെയ്യുന്നത് വരെ എഫ്.ഐ.ആർ ഉൾപ്പടെയുള്ള രേഖകൾ കൈമാറരുതെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് സജിമോൻ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.