പാലക്കാട്: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. കോങ്ങാട് സ്വദേശികളായ വിജേഷ് (35), വിഷ്ണു (30), മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്സൽ (17), വേണ്ടപ്പാറ സ്വദേശി രമേശ് (31) എന്നിവരാണ് മരിച്ചത്. പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. പാലക്കാട് ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു.
ഏറെ പ്രയാസപ്പെട്ടാണ് യുവാക്കളെ കാറിൽ നിന്ന് പുറത്തെടുത്തത്. നാല് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് ഒരാൾക്ക് ജീവൻ നഷ്ടമായത്. യുവാക്കളുടെ പോസ്റ്റുമോർട്ടം പാലക്കാട് ജില്ലാ ആശുപത്രിയിൽ ഇന്ന് നടക്കും.
മരിച്ചവരിൽ മൂന്ന് പേർ ഉറ്റസുഹൃത്തുക്കളാണെന്നാണ് വിവരം. ഇവരെ രാത്രി 10 മണി വരെ കോങ്ങാട് ടൗണിൽ ഒരുമിച്ച് കണ്ടവരുണ്ട്. മഴ പെയ്തതിനാൽ കാർ നിയന്ത്രണം തെറ്റി തെന്നിമാറി ലോറിയിൽ ഇടിച്ചതാകാമെന്നും അമിത വേഗതയിലായതിനാൽ നിയന്ത്രണം വിട്ടതാകാമെന്നും പൊലീസ് പറയുന്നുണ്ട്. ആരാണ് കാർ ഓടിച്ചിരുന്നതെന്ന് വ്യക്തമല്ല.
കോയമ്പത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്കുലോറിയിലാണ് കാറിടിച്ചത്. പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്തെടുത്തത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. ഈ സമയത്ത് പ്രദേശത്ത് മഴ പെയ്തിരുന്നു. ആദ്യം നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് അഗ്നിശമനസേനയും ഹൈവേ പൊലീസും സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടിരുന്നു.















