തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെ വെട്ടിലാക്കി സ്വന്തം പരാതി. നവീൻ ബാബുവിന്റെ മരണശേഷമാണ് കൈക്കൂലി പരാതി തയ്യാറാക്കിയതെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. എഡിഎമ്മിന്റെ ചുമതല ‘വഹിച്ച’ നവീൻ എന്ന് പരാതിയിൽ വിശേഷിപ്പിക്കുന്നു. നവീൻ ബാബുവിന്റെ യാത്രയയപ്പിന് മുൻപ് നൽകിയെന്ന് പറയപ്പെടുന്ന പരാതി ആയതിനാൽ എഡിഎമ്മിന്റെ ചുമതല ‘വഹിക്കുന്ന’ നവീൻ എന്നാണ് വരേണ്ടിയിരുന്നത്. അതിനാൽ, പ്രശാന്തൻ പരാതി തയ്യാറാക്കിയത് നവീൻ ബാബുവിന്റെ മരണശേഷമാണെന്ന് ഉറപ്പിക്കുകയാണ് ഈ അക്ഷരപിശക്. സ്വന്തം പരാതിയിലെ പിഴവ് തന്നെ പ്രശാന്തന് തിരിച്ചടിയായി മാറിയിരിക്കുകയാണ്.
നവീൻ ബാബു മരിച്ചപ്പോഴാണ് പ്രശാന്തൻ പരാതി തയ്യാറാക്കിയതെന്നാണ് സൂചന. മാത്രവുമല്ല, പരാതി നൽകിയതും ഒപ്പിട്ടതും ആരോപണമുന്നയിക്കുന്ന പ്രശാന്തായിരുന്നില്ല എന്നാണ് ഒപ്പിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടുന്നത്. പ്രശാന്തന്റെ യഥാർത്ഥ പേരും ഒപ്പും മുഖ്യമന്ത്രിക്ക് നൽകിയ കൈക്കൂലി പരാതിയിലെ പേരും ഒപ്പും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്. നവീൻ ബാബുവിന്റെ മരണവാർത്ത പുറത്തുവന്നതോടെ തിരുവനന്തപുരത്ത് സിപിഎമ്മിന്റെ കേന്ദ്രത്തിൽ മറ്റൊരാൾ മുഖേന തയ്യാറാക്കിയതാകാം പരാതിയെന്നാണ് വിവരം. തുടർന്ന് ഈ പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽ ചുമതലയുള്ളയാൾക്ക് കൈമാറുകയായിരുന്നു.
പെട്രോൾ പമ്പ് തുടങ്ങാനായി പാട്ടത്തിനെടുത്ത ഭൂമി സംബന്ധിച്ച കരാറിൽ നൽകിയിരിക്കുന്ന പേരും ഒപ്പുമല്ല, മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലുള്ളതെന്നതാണ് ശ്രദ്ധേയം. പരാതി തയ്യാറാക്കിയതും ഒപ്പിട്ടതും പ്രശാന്തനല്ല എന്ന് ഇക്കാര്യത്തിലൂടെ വ്യക്തമാകുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി എത്തിച്ചെങ്കിലും അത് ഔദ്യോഗികമാക്കാൻ പ്രശാന്തന് കഴിയാതെ പോയി. ഇതോടെയാണ് പരാതി പോലും കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായത്.
സാധാരണയായി മുഖ്യമന്ത്രിക്ക് പരാതി നൽകുമ്പോൾ മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെൽ മുഖേന പരാതി രജിസ്റ്റർ ചെയ്യുന്ന പതിവുണ്ട്. ഓൺലൈനായി ലഭിക്കുന്ന പരാതികളും ഓഫീസിലേക്ക് നേരിട്ടെത്തിക്കുന്ന പരാതികളും ഇത്തരത്തിൽ പരാതിപരിഹാര സെല്ലിന് കൈമാറി രജിസ്റ്റർ ചെയ്യും. എന്നാൽ, നവീൻ ബാബുവിന്റെ മരണത്തിന് ശേഷം തയ്യാറാക്കിയ പരാതി ആയതിനാൽ സെല്ലിൽ രജിസ്റ്റർ ചെയ്യാൻ പ്രശാന്തന് കഴിഞ്ഞില്ല. കാരണം തീയതി അടയാളപ്പെടുത്തുന്നതിൽ പ്രശ്നം വരും.
ഇക്കാര്യങ്ങളെല്ലാം പൊലീസ് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഒതുക്കി തീർക്കാനുള്ള നീക്കത്തിലാണെന്ന ആക്ഷേപം ശക്തമാവുകയാണ്. പരാതി നൽകിയത് ഒക്ടോബർ 10 എന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ മരണം നടന്ന ഒക്ടോബർ 15ന് ശേഷം തയ്യാറാക്കിയ പരാതി ആയതിനാൽ ഡേറ്റ്-ക്ലാഷ് വരുമെന്ന് ഉറപ്പാണ്. അതുകൊണ്ട് പ്രശാന്തന് വേണ്ടി തയ്യാറാക്കിയ പരാതി സെല്ലിന് കൈമാറി ഔദ്യോഗികമാക്കാൻ കഴിഞ്ഞതുമില്ല.
പേര്, ഒപ്പ് എന്നിവയിലെ വൈരുദ്ധ്യം, അക്ഷരപിശക്, പരാതിപരിഹാര സെല്ലിലേക്ക് പരാതി കൈമാറാതിരുന്നത് തുടങ്ങിയ വീഴ്ചകൾ പ്രശാന്തന് സംഭവിച്ചതിനാൽ പരാതി തയ്യാറാക്കിയത് എഡിഎമ്മിന്റെ മരണശേഷമാണെന്ന ശക്തമായ സൂചനയാണ് ലഭിക്കുന്നത്.
ചെങ്ങളായിയിൽ പെട്രോൾ പമ്പ് തുടങ്ങുന്നതിന് എതിർപ്പില്ലാരേഖ (NOC) നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും NOC അനുവദിക്കുന്നതിന് വേണ്ട നടപടികൾ മനഃപൂർവം വൈകിപ്പിച്ചുവെന്നുമാണ് പ്രശാന്തന് വേണ്ടി പിപി ദിവ്യ അടക്കം വാദിച്ചത്. NOC നൽകാൻ നവീൻ ബാബു 1,00,000 രൂപ കൈക്കൂലി ചോദിച്ചുവെന്നും 98.500 രൂപ നൽകിയെന്നുമാണ് പ്രശാന്തന്റെ വാദം.