പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റയുടെ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ്. ആപ്പിനുള്ളിൽ കോൺടാക്ട് വിവരങ്ങൾ നേരിട്ട് സേവ് ചെയ്യാൻ പുതിയ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും. യൂസർനെയിമുകൾ ഉപയോഗിച്ച് ഈ കോൺടാക്ടുകൾ സേവ് ചെയ്യാൻ സഹായിക്കുന്ന ഒരുകൂട്ടം പുതിയ അപ്ഡേഷനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
നിങ്ങളുടെ ഫോൺ മറ്റുള്ളവരുമായി പങ്കിടുന്നതിനും പേഴ്‌സണൽ- ബിസിനസ്സ് കോൺടാക്ടുകൾ വേർതിരിക്കണമെങ്കിലും പുതിയ ഫീച്ചർ അനുയോജ്യമാണെന്നും മെറ്റ പറയുന്നു. ഇത് ഫോണിൽ ഒന്നിലധികം വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ നിയന്ത്രിക്കുന്നത് എളുപ്പമാക്കും. ഈ വാട്ട്‌സ്ആപ്പ് എക്‌സ്‌ക്ലൂസീവ് കോൺടാക്ടുകൾ ക്ലൗഡിൽ സ്വയം ബാക്കപ്പ് ചെയ്യപ്പെടും. നിങ്ങളുടെ ഫോൺ നഷ്ടപ്പെടുകയോ മറ്റൊന്നിലേക്ക് മാറുകയോ ചെയ്യുമ്പോഴോ ഫോൺ റീസെറ്റ് ചെയ്യുമ്പോഴേ കോൺടാക്ടുകൾ തിരികെ റീസ്‌റ്റോർ ചെയ്യാൻ ഈ ഫീച്ചർ ഉപയോഗപ്രദമാണ്.
“ഐഡൻ്റിറ്റി പ്രൂഫ് ലിങ്ക്ഡ് സ്റ്റോറേജ്” (IPLS) എന്ന് വിളിക്കപ്പെടുന്ന പുതിയ എൻക്രിപ്ഷൻ സിസ്റ്റം ഉപയോഗിച്ച് വാട്ട്‌സ്ആപ്പ്-എക്‌സ്‌ക്ലൂസീവ് കോൺടാക്ടുകൾ സംരക്ഷിക്കും. ഉപയോക്താക്കൾക്ക് അവരുടെ കോൺടാക്ടുകൾ സേവ് ചെയ്യാനും വാട്ട്‌സ്ആപ്പ് വഴി നേരിട്ട് ഓട്ടോമാറ്റിക് റീസ്റ്റോർ ചെയ്യാനും സാധിക്കും. അല്ലെങ്കിൽ വാട്ട്‌സ്ആപ്പിൽ മാത്രം സേവ് ചെയ്ത് ക്ലൗഡുമായി സിങ്ക് ചെയ്യാൻ ആഗ്രഹിക്കുന്നവ മാത്രം തിരഞ്ഞെടുക്കാനും IPLS ഉപയോക്താക്കളെ അനുവദിക്കുന്നുവെന്ന് മെറ്റ പറയുന്നു.















