കസാൻ: രണ്ട് ദിവസത്തെ റഷ്യാ സന്ദർശനത്തിനായി എത്തിയ മോദിയെ സ്വീകരിക്കാൻ റഷ്യൻ സ്ത്രീകൾ അവരുടെ പരമ്പരാഗത വേഷമായ തിളങ്ങുന്ന ടാറ്റർ വസ്ത്രം ധരിച്ച് അണിനിരന്നു. കയ്യിലെ പ്ലേറ്റുകളിൽ മോദിക്കായി ചക് ചക് ലഡ്ഡുവും കൊറോവായ് ബ്രെഡുമുണ്ടായിരുന്നു. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യയിലെ കസാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യ പരമ്പരാഗത പലഹാരങ്ങൾ നൽകിയാണ് സ്വീകരിച്ചത്. റഷ്യയുടെ തനത് രുചി വൈവിധ്യം വിളിച്ചോതുന്ന പലഹാരങ്ങൾ നിറഞ്ഞ പലഹാര പ്ലേറ്റുകളാണ് മോദിയെ വരവേറ്റത്.
മോദിക്കായി ഒരുക്കിയ റഷ്യൻ വിഭവങ്ങൾ സാംസ്കാരികമായും ചരിത്രപരമായും പ്രാധാന്യമുള്ളതാണ്.
ചക് ചക്
റഷ്യയിലെ ടാറ്റർസ്ഥാന്റെ ദേശീയ മധുരപലഹാരമായി കണക്കാക്കുന്ന വിഭവമാണ് ചക് ചക് ലഡ്ഡു. ടാറ്റർസ്ഥാൻ, ബാഷ്കോർട്ടോസ്ഥാൻ എന്നിവിടങ്ങളിലാണ് ഇവ നിർമ്മിക്കുന്നത്. ഗോതമ്പ് കുഴച്ച് വറുത്തെടുത്ത ഒരു മധുരപലഹാരമാണ് ചക്-ചക്ക്. ഇത് വൃത്താകൃതിയിലോ ക്യൂബിക്ക് ആകൃതിയിലോ ആകാം. മോദിക്ക് നല്കിയവ വൃത്താകൃതിയിലുള്ള ചക് ചക് ആയിരുന്നു. ‘മധുര സേവ’ എന്ന ഇന്ത്യയിലെ പലഹാരവുമായി ഇതിന് സാമ്യമുണ്ട്. ചായ സത്കാരങ്ങളിലും വിവാഹങ്ങൾ ഉൾപ്പെടെയുള്ള റഷ്യക്കാരുടെ പരമ്പരാഗത ആഘോഷങ്ങളിലും ചക് ചക് ലഡ്ഡു ഒഴിച്ചുകൂടാനാകാത്ത പലഹാരമാണ്.
കൊറോവായ്
രൂപങ്ങളും ചിഹ്നങ്ങളുമുള്ള റഷ്യൻ ബ്രെഡാണ് കൊറോവായ്. പുഷ്പ പാറ്റേണുകൾ കൊണ്ട് അലങ്കരിച്ച കൊറോവായ് ആണ് മോദിക്ക് നൽകിയത്. വലിയ സാംസ്‌കാരിക പ്രാധാന്യമുള്ള ഈ വിഭവം റഷ്യയിലെ വിവാഹ ചടങ്ങുകളിൽ നിർബന്ധമാണ്. നവദമ്പതികളുടെ ഭാവിയുടെ പ്രതീകമായി അതിഥികൾക്കിടയിൽ ഇത് പങ്കിടുന്നു. കിഴക്കൻ സ്ലാവിക് രാജ്യങ്ങളിൽ നിന്ന് ഉത്ഭവിച്ച ഒരു ജനപ്രിയ പലഹാരമാണിത്. ഗോതമ്പ് മാവിൽ നിർമ്മിച്ച വൃത്താകൃതിയിലുള്ള പലഹാരത്തിൽ വിവിധ പാറ്റേണുകൾ കൊണ്ട് അലങ്കരിക്കുന്നു. ഈ ബ്രെഡ് ഒരു നുള്ള് ഉപ്പ് ഉപയോഗിച്ച് ആസ്വദിക്കുന്നത് ആതിഥേയനുമായി സൗഹൃദബന്ധത്തിലേർപ്പെടുന്നതിന്റെ പ്രതീകമാണ്.