തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി. എറണാകുളം മട്ടാഞ്ചേരി സ്വദേശിയായ ഗോവിന്ദൻ നമ്പൂതിരിയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായെന്നും ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ആവശ്യം. മുഖ്യമന്ത്രിയ്‌ക്കയച്ച പരാതി തുടർ നടപടികൾക്കായി തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയതായി സി.എം. ഓഫീസ് പരാതിക്കാരനെ അറിയിച്ചു.
അതീവസുരക്ഷാമേഖലയായ പരിസരത്ത് നിന്ന് ക്ഷേത്രത്തിലെ തളിപ്പാത്രം കാണാതായത് വലിയ ചർച്ചയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഗൗരവമായ അന്വേഷണം നടന്നില്ലെന്നും വിഷയം ലഘൂകരിക്കാൻ പൊലീസ് ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഗോവിന്ദൻ നമ്പൂതിരി പരാതി നൽകിയിരിക്കുന്നത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷയ്‌ക്കായി കോടിക്കണക്കിന് തുകയാണ് പ്രതിവർഷം ചെലവഴിക്കുന്നത്. സംഭവത്തിൽ വീഴ്ച സംഭവിച്ചത് ആർക്കെല്ലാമാണെന്നും ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം.