ചില ബന്ധങ്ങളുണ്ട്, അപ്രതീക്ഷിതമായി അവർ അടുപ്പം കാണിക്കും, സ്നേഹത്തോടെ പെരുമാറും, കൂടെയുണ്ടാകുമെന്ന് ഉറപ്പുതരും, എന്നാൽ പെട്ടെന്നൊരുനാൾ കാരണംപോലും പറയാതെ അവർ മുങ്ങിക്കളയും. അത്രയും കാലം വിശ്വസിച്ച് കൂടെ നിന്ന് പിന്തുണ നൽകിയവർ ഇതോടെ തകർന്നുപോകും. അടുത്തിടെയായി വ്യാപകമായി കണ്ടുവരുന്ന കാര്യമാണിത്. ഇതിനെ സൈക്കോളജിയുടെ ഭാഷയിൽ ‘ഗോസ്റ്റിംഗ്’ എന്ന് വിശേഷിപ്പിക്കാം.
സാധാരണയായി കാമുകി-കാമുകൻമാർക്കിടയിലാണ് ഗോസ്റ്റിംഗ് കണ്ടുവരുന്നതെങ്കിലും എല്ലാതരത്തിലുള്ള ബന്ധങ്ങളിലും ഇപ്പോഴിത് സജീവമാകുന്നുണ്ട്. ‘ഡിയർ ഫ്രണ്ട്’ എന്ന മലയാളം സിനിമയിൽ ടൊവിനോ തോമസ് അവതരിപ്പിച്ച കഥാപാത്രം ചെയ്ത പ്രവൃത്തി ഇതിന് ഒരു ഉദാഹരണമാണ്. കാരണമെന്തെന്ന് വ്യക്തമാക്കാതെ എല്ലാവിധ ആശയവിനിമയങ്ങളും നിർത്തി അടുത്ത സുഹൃത്തുക്കളുടെ ഇടയിൽ നിന്ന് പെട്ടെന്ന് മുങ്ങുന്ന ആളുടെ കഥാപാത്രമാണ് ടൊവിനോ അവതരിപ്പിച്ചത്. ഇത് ഒരുതരത്തിലുള്ള ഗോസ്റ്റിംഗ് ആണെന്ന് പറയാം.
ബന്ധത്തിൽ നിന്ന് വിട്ടുപോകുന്ന വ്യക്തിക്ക് ഇതുകൊണ്ട് പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെങ്കിലും ഗോസ്റ്റിംഗിന് വിധേയമാകുന്ന വ്യക്തിക്ക് പലവിധത്തിലുള്ള മാനസികാഘാതങ്ങളും സംഭവിച്ചേക്കാം. ഒരുപക്ഷെ വിഷാദത്തിന്റെ പടുകുഴിയിലേക്ക് പതിക്കുകയും ചെയ്യാം.
എങ്ങനെ മറികടക്കാം..
ഗോസ്റ്റ് ചെയ്യപ്പെട്ടാൽ അത് മറികടക്കാൻ പൊതുവെ പ്രയാസമായിരിക്കും. യഥാർത്ഥ്യം മനസിലാക്കി പ്രിയപ്പെട്ടവരെ ചേർത്തുനിർത്തി മുന്നോട്ടുപോവുക. ‘മുങ്ങിയ’ വ്യക്തിയെ തേടിപ്പിടിക്കാതിരിക്കുക, അടുത്തതായി ചെയ്യാനുള്ള പ്രവൃത്തികളിൽ ശ്രദ്ധകേന്ദ്രീകരിക്കുക, പെട്ടെന്ന് അടുപ്പം കാണിച്ചുവരുന്ന വ്യക്തികളെ വീണ്ടും ഇതുപോലെ വിശ്വസിച്ച് പിന്തുണയ്‌ക്കാതിരിക്കുക.