ജനകീയ പ്രശ്നങ്ങൾ പരിഹരിച്ച് ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവരാണ് ജനപ്രതിനിധികൾ. പാർലമെന്റേറിയൻ എന്ന നിലയിൽ താൻ പ്രതിനിധാനം ചെയ്യുന്ന പാർലമെന്റിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് നിറവേറ്റുകയും ജനങ്ങളുടെ പ്രതീക്ഷകൾ സംരക്ഷിക്കുകയും ചെയ്യേണ്ടത് ഒരു എംപിയുടെ ചുമതലയാണ്. എന്നാൽ ഈ സമവാക്യങ്ങളെയെല്ലാം തൂത്തെറിഞ്ഞ് വിചിത്രമായ രീതിയിൽ സഹോദരിക്കായി വോട്ടുചോദിച്ചിരിക്കുകയാണ് രാഹുൽ.
മണ്ഡലം ഉപേക്ഷിച്ച് രാഹുൽ പോയ സാഹചര്യത്തിൽ പകരം പ്രിയങ്കയെ സ്ഥാനാർത്ഥിയാക്കി കോൺഗ്രസ് മത്സരത്തിനിറങ്ങുന്ന സാഹചര്യത്തിലാണ് സഹോദരിക്ക് വേണ്ടി പ്രചാരണം നടത്താൻ രാഹുൽ വയനാട്ടിലെത്തിയത്. വയനാടിനൊരു കൈത്താങ്ങാകാൻ പ്രിയങ്കയുണ്ടാകുമെന്ന് പറയുന്നതിന് പകരം, പ്രിയങ്കയ്‌ക്ക് കൈത്താങ്ങായി അവളെ സംരക്ഷിക്കാൻ വയനാട്ടുകാർ ഉണ്ടാകണമെന്ന ആവശ്യമായിരുന്നു രാഹുൽ മുന്നോട്ടുവച്ചത്. പ്രകൃതിക്ഷോഭവും വന്യമൃഗശല്യങ്ങളും കാരണം നിരവധി ദുരിതമനുഭവിക്കുന്ന വയനാട്ടുകാരോട് തന്റെ സഹോദരിയെ സംരക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നു കോൺഗ്രസ് നേതാവ്.
“എന്റെ കയ്യിൽ കിടക്കുന്ന ഈ രാഖി കെട്ടിയത് പ്രിയങ്കയാണ്; അവളെ സംരക്ഷിക്കുകയെന്നത് ഒരു സഹോദരൻ എന്ന നിലയിൽ എന്റെ കടമയാണ്. വയനാട്ടിൽ അവൾ മത്സരിക്കുന്ന ഈ സാഹചര്യത്തിൽ ഇവിടുത്തെ ജനങ്ങളോട് എനിക്ക് ആവശ്യപ്പെടാനുള്ളത് ഒന്നുമാത്രമാണ്. എന്റെ സഹോദരിയെ സംരക്ഷിക്കണം, വയനാട്ടുകാർ അവളെ നല്ലപോലെ പരിപാലിക്കണം- രാഹുൽ പറഞ്ഞു. പ്രിയങ്ക പൊതുവെ അവളുടെ സുഹൃത്തുക്കൾക്ക് വേണ്ടി ഏതറ്റം വരെയും പോകുന്നവളാണ്. അപ്പോൾ അവളുടെ കുടുംബത്തിന് വേണ്ടി എന്തും ചെയ്യാൻ പ്രിയങ്ക മടിക്കില്ലെന്നും രാഹുൽ ജനങ്ങളോട് പറഞ്ഞു. സഹോദരിക്കായി വോട്ട് ചോദിച്ച രാഹുലിന്റെ പ്രസ്താവനകൾ അക്ഷരാർത്ഥത്തിൽ വിചിത്രമായെന്നതാണ് പ്രത്യേകത.















