കൊൽക്കത്ത: ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നിലേക്ക് യുവാവ് എടുത്തുചാടിയ സംഭവത്തെ തുടർന്ന് കൊൽക്കത്ത മെട്രോ റെയിൽ സർവീസുകൾ സ്തംഭിച്ചു. ചാന്ദ്‌നി ചൗക്ക് സ്റ്റേഷനിലാണ് സംഭവം. ഇത് നോർത്ത്-സൗത്ത് കോറിഡോറുകളിലെ സേവനങ്ങളെ ബാധിച്ചതായി മെട്രോ അധികൃതർ പറഞ്ഞു.
ട്രെയിനിനടിയിൽപെട്ടയാളെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. രാവിലെ 10.54 മുതലുള്ള മെട്രോ സർവീസുകളെ ഇത് ബാധിച്ചു. സർവീസുകൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്. മൈതാൻ സ്റ്റേഷൻ വരെയും ഗിരീഷ് പാർക്ക് വരെയും നിലവിൽ സർവീസ് നടത്തുന്നതായും മെട്രോ അധികൃതർ അറിയിച്ചു.
ദുർഗാ പൂജയോടനുബന്ധിച്ച് വൻ ജനത്തിരക്കാണ് മെട്രോ ട്രെയിനുകളിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ 50 ലക്ഷത്തിലധികം ആളുകൾ കൊൽക്കത്ത മെട്രോയിൽ യാത്ര ചെയ്തുവെന്നാണ് കണക്കുകൾ. മുൻവർഷത്തെ അപേക്ഷിച്ച് 1.77 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്.