ചേലക്കര: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥി കെ. ബാലകൃഷ്ണൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പ്രവർത്തകർക്കും നേതാക്കൾക്കുമൊപ്പം വടക്കാഞ്ചേരി താലൂക്ക് ഓഫീസിലെത്തിയാണ് ബാലകൃഷ്ണൻ പത്രിക സമർപ്പിച്ചത്.
രാവിലെ കുത്താമ്പുള്ളി ക്ഷേത്രത്തിൽ തൊഴുത് പ്രദേശത്തെ വീടുകളിലും കടകളിലും നേരിട്ടെത്തി വോട്ടഭ്യർത്ഥിച്ചു. പിന്നീട് നേരെ പഴശ്ശിരാജ സ്‌കൂളിലേക്ക്. സഹപ്രവർത്തകരിൽ നിന്ന് കെട്ടിവയ്‌ക്കാനുളള തുക ഏറ്റുവാങ്ങി.
തുടർന്ന് പത്രികാ സമർപ്പണത്തിനായി താലൂക്ക് ഓഫീസിലേക്ക് എത്തി. ബിജെപി തൃശൂർ ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ.കെ അനീഷ്‌കുമാർ, ബിജെപി സംസ്ഥാന നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ദിവസങ്ങൾക്കകം കെ ബാലകൃഷ്ണന് വലിയ സ്വീകാര്യതയാണ് മണ്ഡലത്തിലുടനീളം ലഭിക്കുന്നത്. തിരുവില്വാമല പഞ്ചായത്തിൽ ബിജെപി ഭരണം പിടിച്ചപ്പോൾ വൈസ് പ്രസിഡന്റായിരുന്നു കെ ബാലകൃഷ്ണൻ. മണ്ഡലത്തിലുടനീളമുളള വ്യക്തിബന്ധങ്ങളും പരിചയവുമാണ് ബാലകൃഷ്ണനെ മറ്റ് മുന്നണികളുടെ സ്ഥാനാർത്ഥികളിൽ നിന്നും വേറിട്ട് നിർത്തുന്നത്.
ബാലേട്ടൻ എന്നാണ് കെ. ബാലകൃഷ്ണനെ പഴശ്ശിരാജ സ്‌കൂളിലെ സഹപ്രവർത്തകർ വിളിക്കുന്നത്. ഇനി ചേലക്കരയുടെ ബാലേട്ടനായി വരട്ടെ എന്നായിരുന്നു കെട്ടിവയ്‌ക്കാനുളള തുക കൈമാറിയ ശേഷം സ്‌കൂൾ പ്രിൻസിപ്പലിന്റെ പ്രതികരണം. കെ ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളിലും ചേലക്കരയുടെ ബാലേട്ടൻ എന്നാണ് എഴുതിയിരിക്കുന്നത്.