പാലക്കാട്; പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു. പാലക്കാട് ആർഡിഒ ഓഫീസിൽ എത്തിയാണ് ആർഡിഒ ശ്രീജിത്തിന് മുൻപാകെ പത്രിക സമർപ്പിച്ചത്.
മേലാമുറി പച്ചക്കറി മാർക്കറ്റിലെ വ്യാപാരികളാണ് കൃഷ്ണകുമാറിന് കെട്ടിവെക്കാനുള്ള തുക നൽകിയത്. മേലാമുറി പച്ചക്കറി കച്ചവടസംഘം പ്രസിഡന്റ് സി ഗുരുവായൂരപ്പൻ താലത്തിൽ വെച്ച് തുക കൈമാറി.
രാവിലെ പാലക്കാട് സൗത്ത് ഏരിയയിലും മേഴ്‌സി കോളേജ് ഏരിയയിലും ഗൃഹസമ്പർക്കം നടത്തി വോട്ട് തേടിയ ശേഷമായിരുന്നു 2.30 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ സി കൃഷ്ണകുമാർ എത്തിയത്.
പാലക്കാടിന്റെ സമഗ്രവികസനത്തിനായുളള അങ്കം കുറിക്കലാണ് ഈ തെരഞ്ഞെടുപ്പെന്നും സർവ്വ പിന്തുണയും പ്രാർത്ഥനയുമായി എല്ലാവരും ഒപ്പമുണ്ടാകണമെന്നും നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന വിവരം പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിൽ സി കൃഷ്ണകുമാർ വ്യക്തമാക്കിയിരുന്നു. വിവാദങ്ങളല്ല വികസനമാണ് പാലക്കാട്ടുകാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കല്ലടിക്കോട് വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ ഉച്ചവരെ മൂന്നു മുന്നണികളും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ റദ്ദാക്കിയിരുന്നു. രാവിലെ ബിജെപി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാലക്കാട് കോഴിക്കോട് ബൈപ്പാസിൽ കൊപ്പം ജംഗ്ഷനിലാണ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചത്.