പാലക്കാട്: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നവീൻ ബാബുവിനെ കൊലപ്പെടുത്തിയതാണോ എന്ന സംശയം നിലനിൽക്കുന്നുണ്ടെന്നും ഇതിനെതിരെ ബിജെപി പ്രക്ഷോഭം നടത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നവീൻ ബാബുവിന്റെ മരണം ആത്മഹത്യ തന്നെയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഡ്രൈവർ, നവീൻ ബാബുവിനെ വെറൊരു സ്ഥലത്താണ് ഇറക്കിയത്. അവിടെ നിന്ന് അദ്ദേഹം എവിടെ പോയി എന്നതിനെ കുറിച്ച് ഇതുവരെയും ഒരു വ്യക്തത വന്നിട്ടില്ല. തലേ ദിവസം നവീൻ ധരിച്ചിരുന്ന വസ്ത്രത്തിൽ തന്നെയായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. ഇതിന്റെയൊക്കെ പിന്നിൽ ദുരൂഹതകളുണ്ട്. ഇതൊരു കൊലപാതകമാണോ എന്ന് സംശയിക്കാൻ നിരവധി കാരണങ്ങളാണുള്ളത്.
മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. എകെജി സെന്ററിലെ ഉന്നത നേതാവിന്റെ സഹായത്തോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയത്. നവീൻ ബാബുവിനെ കൊലപ്പെടുത്തിയതാണോ എന്ന സംശയം ബലപ്പെടുന്നുണ്ട്. ബിജെപി ഇക്കാര്യത്തിൽ പ്രക്ഷോഭം ശക്തിപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, പ്രതിപക്ഷം അവരുടെ നിലപാട് മാറ്റി. ദിവ്യയെ പിടികൂടുന്നതിനെ കുറിച്ച് പ്രതിപക്ഷം യാതൊന്നും മിണ്ടുന്നില്ല. നവീൻ ബാബുവിന്റെ വിഷയങ്ങളൊന്നും ഇനി ചർച്ചയാകേണ്ട കാര്യമില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്”.
ദിവ്യ ആഭ്യന്തര വകുപ്പിന്റെ സംരക്ഷണയിലാണ്. ദിവ്യ എവിടെയുണ്ടെന്ന് പിണറായിയ്ക്ക് നന്നായി അറിയാം. പാർട്ടിയുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും സംരക്ഷണയിലാണ് ദിവ്യ കഴിയുന്നത്. നവീന്റെ കുടുംബത്തോട് അൽപമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ദിവ്യയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണം. മുഖ്യമന്ത്രി കേരളത്തിലെ വിഷയങ്ങൾ ഒന്നും തന്നെ ചർച്ച ചെയ്യാൻ തയ്യാറാകുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.