മോസ്‌കോ: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമനമന്ത്രി നരേന്ദ്രമോദി. 5 വർഷത്തിന് ശേഷമാണ് ഇരു നേതാക്കളും ഉഭയകക്ഷി ചർച്ചയുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തുന്നത്. കാസനിൽ 16-ാമത് ബ്രിക്‌സ് ഉച്ചകോടിയിലായിരുന്നു മോദി- ഷീ ജിൻപിങ് കൂടിക്കാഴ്ച.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതിലും ഉഭയകക്ഷി ചർച്ചകൾ നടത്തിയതിലും സന്തോഷമുണ്ടെന്ന് ഷീ ജിൻപിങ് പറഞ്ഞു. ഇരുരാജ്യങ്ങളുടെ ബന്ധം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങളിലെ പ്രശ്‌നങ്ങൾ ജനങ്ങളെ ദോഷമായി ബാധിക്കും. ഇതൊഴിവാക്കാനായി ബന്ധം മെച്ചപ്പെടുത്തേണ്ടത് ഇരുരാജ്യങ്ങൾക്കും അത്യാവശ്യമാണ്. ആശയവിനിമയം ശക്തമാക്കണമെന്നും ഷീ ജിൻപിങ് നിർദേശിച്ചു. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തിയിൽ ശാന്തിയും സമാധാനവും നിലനിർത്തുന്നതിനായി പരിശ്രമിക്കണമെന്ന് പ്രധാനമന്ത്രിയും നിർദേശിച്ചു. ഇന്ത്യക്കും ചൈനയ്‌ക്കും ഇടയിലുള്ള പ്രശ്‌നങ്ങൾ അവസാനിപ്പിക്കുന്നത് ലോകസമാധാനം നിലനിർത്താൻ സഹായിക്കും. മെച്ചപ്പെട്ട രീതിയിൽ ഇരുരാജ്യങ്ങളുടെയും ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കട്ടെയെന്നും ലഡാക്ക് അതിർത്തിയുമായി ബന്ധപ്പെട്ട ധാരണ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നാല് വർഷത്തിലേറെയായി തുടരുന്ന അസ്വാരസ്യങ്ങൾക്കൊടുവിലാണ് നേതാക്കൾ തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയും ചൈനയും യഥാർത്ഥ നിയന്ത്രണ രേഖയിലെ തർക്കങ്ങൾ പരിഹരിച്ചിരുന്നതായി വ്യക്തമാക്കിയിരുന്നു.